തിരുവനന്തപുരം: എച്ച്.ഐ.വി വിവാദത്തിന് പിന്നാലെ തിരുവനന്തപുരം ആര്‍.സി.സിക്കെതിരെ ഗുരുതര ആരോപണവുമായി ഡോക്ടര്‍ രംഗത്ത്. ഡോ. റെജി എന്നയാളാണ് തന്റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ആര്‍.സി.സിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ആര്‍.സി.സിയിലെ ചികിത്സ പിഴവ് മൂലമാണ് തന്റെ ഭാര്യയ്ക്ക് ജീവന്‍ നഷ്ടമായതെന്ന് ഇദ്ദേഹം വീഡിയോയില്‍ പറയുന്നു.
”എന്റെ പേര് ഡോ. റെജി, എന്റെ ഭാര്യ ഡോ. മേരി റെജി കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. തിരുവനന്തപുരം ആര്‍.സി.സി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അതുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ പറയുന്നതിനാണ് ഞാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നത്” എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്.
ആര്‍.സി.സിയെ അടച്ച് ആക്ഷേപിക്കലല്ല എന്റെ ലക്ഷ്യം. ഡോക്ടറായ എനിക്കും എന്റെ ഭാര്യക്കും എന്റെ മകള്‍ക്കും ഈ അനുഭവം ചില ഡോക്ടര്‍മാരുടെ കുറ്റകരമായ അനാസ്ഥനിമിത്തം ഉണ്ടായെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്തായിരിക്കും. ഇത് ഇനി ആര്‍ക്കും സംഭവിക്കാന്‍ പാടില്ല.
ആര്‍.സി.സി ഉന്നത നിലവാരത്തില്‍ തുടരണം. രോഗികളുടെ ജീവന്‍ നിസ്സാരമായി കരുതുന്ന ചില ഡോക്ടര്‍മാര്‍ മഹത്തായ ഈ കര്‍മ്മത്തിന് കളങ്കമാണ്. എന്റെ ഭാര്യ ഇനി തിരിച്ചുവരില്ല. അത് തീരാത്ത വേദനയാണ്. ഇനി ഈ വേദന ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല.
2017 സെപ്റ്റംബര്‍ കാലയളവിലാണ് എന്റെ ഭാര്യക്ക് സ്പ്ലീനില്‍ ലിംഫോമ എന്ന അസുഖം ഉണ്ടായതായി കണ്ടുപിടിച്ചത്. ആര്‍.സി.സിയെ സമീപിച്ചു അവരുടെ അഡൈ്വസ് പ്രകാരം പ്ലീഹ റിമൂവ് ചെയ്യണം എന്ന് പറഞ്ഞു. അതില്‍ വിദഗ്ധനായ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു. ഡോക്ടര്‍ ചന്ദ്രമോഹന്‍.
ലാപ്രോസ്‌കോപ്പി സര്‍ജറിയില്‍ വൈദഗ്ധ്യം നേടിയെന്ന് അവകാശപ്പെടുന്ന അദ്ദേഹത്തെ ഞങ്ങള്‍ ലാപ്രോസ്‌കോപ്പിക് സര്‍ജറിക്കുവേണ്ടി അപ്രോച്ച് ചെയ്തു. അദ്ദേഹം ലാപ്രോസ്‌കോപി സര്‍ജറി വഴി സ്പ്ലീന്‍ റിമൂവ് ചെയ്യാം എന്ന് ഏല്‍ക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങളുടെ നിര്‍ഭാഗ്യംകൊണ്ടോ ഡോക്ടറുടെ കഴിവുകേടുകൊണ്ടോ അദ്ദേഹത്തിന്റെ ലാപ്രോസ്‌കോപ്പി സര്‍ജറി പരാജയമാകുകയും ഏകദേശം ആറേഴുമണിക്കൂര്‍ നേരത്തെ വയര്‍ തുറന്നുള്ള ശസ്ത്രക്രിയയിലൂടെ എന്റെ ഭാര്യയുടെ സ്പ്ലീന്‍ നീക്കം ചെയ്യുകയും ചെയ്തു.
ഏകദേശം പത്തുമുപ്പത് സ്റ്റിച്ചും അദ്ദേഹം ഇട്ടു. എന്നാല്‍ അതിനുശേഷം രണ്ടുമൂന്ന് ആഴ്ച്ച എന്റെ ഭാര്യ വേദനകൊണ്ട് പുളയുന്നതാണ് കണ്ടത്. പലപ്രാവശ്യം എന്റെ ഡോക്ടറായ മകള്‍ ഡോക്ടര്‍ മിഷേല്‍ ഡോക്ടര്‍ ചന്ദ്രമോഹനെ പോയി നേരിട്ട് കാണുകയും ഡോക്ടര്‍ വന്ന് കാണണമെന്നും പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ല. പലപ്രാവശ്യം അദ്ദേഹം വരാം എന്ന് പറഞ്ഞതല്ലാതെ വന്നില്ല. അദ്ദേഹത്തിന്റെ പീജീസിനെയോ അല്ലെങ്കില്‍ ജൂനിയര്‍ ഡോക്ടര്‍മാരെയോ പറഞ്ഞുവിട്ടു.
അവരെക്കൊണ്ട് ഈ വേദനക്ക് യാതൊരു പരിഹാരവും ഉണ്ടായതുമില്ല. അതിനുശേഷം ഞങ്ങള്‍ തിരുവനന്തപുരത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളജിലെ സര്‍ജനെ പോയിക്കാണുകയും ആ സര്‍ജറി ഇദ്ദേഹം ഇട്ട സ്റ്റിച്ചുകള്‍ മുഴുവന്‍ മാറ്റുകയും ചെയ്തതോടെ എന്റെ ഭാര്യയുടെ വയറ്റിലെ വേദന ശമിക്കുകയും ചെയ്തു. വീണ്ടും ഞങ്ങള്‍ ആര്‍.സി.സിയെ കീമോത്തെറാപ്പിക്കുവേണ്ടി സമീപിച്ചു.
ഏതൊരു ക്യാന്‍സര്‍ പേഷ്യന്റിനും ക്യാന്‍സര്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍ സെന്‍ട്രല്‍ ലൈന്‍ അല്ലെങ്കില്‍ പിക്ക് ലൈന്‍ ഇടുക എന്നൊരു സംഗതിയുണ്ട്. ഈ പിക്ക് ലൈന്‍ അല്ലെങ്കില് സെന്‍ട്രല്‍ എന്നുവെച്ചാല് സാധാരണ ഡ്രിപ്പിടാനായിട്ടൊക്കെ ഉപയോഗിക്കുന്ന ആ ലൈന്‍ സ്റ്റേബിളായിട്ടുള്ള ഒരു ഞരമ്പിലേക്ക് ഇടുന്ന പ്രക്രിയയെയാണ് സെന്‍ട്രല്‍ ലൈന്‍ എന്ന് പറയുന്നത്. ഇങ്ങനൊരു സെന്‍ട്രല്‍ ലൈന്‍ ഇട്ടാല്‍ ഉള്ള ഗുണം എന്നുവെച്ചാല്‍ വീണ്ടും വീണ്ടും പേഷ്യന്റിനെ കുത്തേണ്ട ആവശ്യമില്ലാ. ഈ ലൈനില്‍കൂടെ വളരെ ഫാസ്റ്റായിട്ട് ഡ്രിപ്പുകള്‍ കൊടുക്കാം. ഇന്‍ജക്ഷന്‍സ് കൊടുക്കാം, ബ്ലഡ് എടുക്കാം പലകാര്യങ്ങളും ചെയ്യാം. ഇത് എല്ലാ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെയ്യുന്നതാണ്.
ഇത് ആര്‍.സി.സിയില്‍ അനസ്‌ത്യേഷ്യ വിഭാഗക്കാരാണ് ചെയ്യേണ്ടതെന്നാണ് പറയുന്നത്. അങ്ങനെ മൂന്നുപ്രാവശ്യം അനസ്‌ത്യേഷ്യ വിഭാഗത്തില്‍ ചെന്നെങ്കിലും അവര് ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഞങ്ങളെ ഒഴിവാക്കി ഏറ്റവും ഒടുവില്‍ പേഷ്യന്റ് മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഞാന്‍ പേഴ്‌സണലായിട്ട് ചെന്ന് അനസ്‌തേഷ്യയിലെ ഡോക്ടര്‍ വേണുഗോപാല്‍ എന്നുപറയുന്ന ആളിനെ കാണുകയും അദ്ദേഹത്തോട് സെന്‍ട്രല്‍ ലൈനിന്റെ ആവശ്യത്തെക്കുറിച്ച് പറയുകയും ചെയ്തു.
എന്നാല്‍ അദ്ദേഹം എന്നോട് പറഞ്ഞു ഇപ്പോള്‍ സെന്‍ട്രല്‍ ലൈനിന്റെയൊന്നും ആവശ്യമില്ല അതുകൊണ്ട് ഞാന്‍ കാലില് ഒരു ലൈനിട്ട് വിടാമെന്ന് പറഞ്ഞ് ഒരു പെരിഫറല്‍ ലൈന്‍ കാലില്‍ ഇട്ടു. അങ്ങനെ കാലിലും കൈയിലും ഇടുന്ന പെരിഫെറല്‍ ലൈനുകള്‍ ക്യാന്‍സര്‍ പേഷ്യന്റിന് പൊട്ടാസ്യം പോലുള്ള ഡ്രിപ്പുകള്‍ കൊടുക്കുമ്പോള്‍ അഞ്ചല്ലെങ്കില് പത്തുമിനിട്ടനകം ബ്ലോക്ക് ആകുകയും പിന്നീട് നഴ്‌സുമാര്‍ ഞരമ്പ് കിട്ടാനായിട്ട് മാറി മാറി കുത്തുകയും ചെയ്യും. അതിന്റെ ചില ഫോട്ടോകള്‍ ഞാന്‍ ഷെയര്‍ ചെയ്യാം.
ആര്‍.സി.സിയിലെ സ്റ്റാഫ് എട്ടുപ്രാവശ്യം എന്റെ ഭാര്യയെ മാറിക്കുത്തുന്നത് ഞാന്‍ കണ്ടു. കേരളത്തിലെ ഏറ്റവും വലിയ ക്യാന്‍സര്‍ സെന്ററില്‍ ഒരുക്യാന്‍സര്‍ പേഷ്യന്റിന് കൊടുക്കാവുന്ന മുഴുവന്‍ വേദനയും കഷ്ടപ്പാടുകളുമാണ് കൊടുക്കുന്നത്. ഇത് ശരിയാണോ എന്ന് നിങ്ങള്‍ ചിന്തിക്കണം.
അതുപോലെ അള്‍ട്രാ സൗണ്ട് ചെയ്യുന്ന ഒരു ഡോക്ടര്‍ ഉണ്ട് ഡോക്ടര്‍ രേണുക. ഞങ്ങള്‍ ഈ പേഷ്യന്റിനെ കാലിന്റെ ഡോപ്ലര്‍ സ്റ്റഡിക്കായിട്ട് കാലിലെ വെയിനുകളിലൂടെ ബ്ലഡ് ശരിയായ രീതിയില്‍ പോകുന്നുണ്ടോ എന്ന് അറിയാനുള്ള പഠനമാണ് അതിന് കൊണ്ടു ചെല്ലുകയും. ഈ ഡോക്ടര്‍ വളരെ കാഷ്വല്‍ ആയി ചെയ്ത് വലതുവശത്തെ മുഴുവന്‍ ഞരമ്പുകളും ബ്ലോക്ക് ആണെന്ന് റിപ്പോര്‍ട്ട് തരികയും ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ട് കംപ്ലീറ്റ് ആയിട്ട് തെറ്റായിരുന്നുവെന്ന് ജിജി ഹോസ്പിറ്റലിലെ രണ്ടുദിവസത്തിനുശേഷമുള്ള റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലായി. അങ്ങനെ മാര്‍ച്ച് 14ാം തീയതി ഇതിന്റെ കണ്‍സേണ്‍ട് ഡോക്ടറായ ഡോ. ശ്രീജിത്തിനെ ഞാന്‍ പോയി കാണുന്നു. അപ്പോഴേക്കും എന്റെ ഭാര്യ സെമി കോണ്‍ഷ്യസ് ലെവലിലേക്ക് മാറിയിരുന്നു.
ഞാന്‍ ചോദിച്ചു ഡോക്ടറേ എന്തെങ്കിലും കുഴപ്പങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടോ? അദ്ദേഹം എന്നോട് പറഞ്ഞത് ഇത് വേദനസംഹാരികളുടെ സൈഡ് എഫക്ട് ആണ് എന്നാണ്. പ്രത്യേകിച്ച് മോര്‍ഫിന്‍ കൊടുത്തതിന്റെ സൈഡ് എഫക്ട് ആയിരിക്കണം എന്നും പറഞ്ഞു. അതുകൊണ്ട് ആന്റി ഡോട്ട് കൊടുക്കാമെന്ന് പറഞ്ഞ് മോര്‍ഫിന്റെ ആന്റിഡോട്ടായ നാലോക്‌സോണ്‍ എന്ന ഇന്‍ജക്ഷന്‍ എന്റെ മുന്നില്‍ വെച്ച് രണ്ടുപ്രാവശ്യം ഡോ. ശ്രീജിത്ത് കുത്തിവെച്ചു. പേഷ്യന്റ് ഒന്ന് അനങ്ങി. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഇത് മോര്‍ഫിന്റെ തന്നെ സൈഡ് എഫക്ട് ആണ് അതുകൊണ്ട് സാരമില്ല. പേഷ്യന്റ് പൂര്‍വ്വാധികം ശക്തിയായി തിരികെവരുമെന്ന അര്‍ത്ഥത്തില്‍ പറഞ്ഞിട്ടുപോയി.
എന്നാല്‍ അഞ്ചുമിനിട്ട് കഴിഞ്ഞപ്പോള്‍ വീണ്ടും പേഷ്യന്റ് പഴയ സ്ഥിതിയിലേക്ക് പോയി. വീണ്ടും ഡോക്ടര്‍ ശ്രീജിത്തിനെ കാണുകയും അപ്പോള്‍ അദ്ദേഹം പറഞ്ഞു ന്യൂറോളജിസ്റ്റിന്റെ ഒപ്പീനിയന്‍ എടുക്കാം എന്ന്. അങ്ങനെ എനിക്കറിയാവുന്ന ഒരു ന്യൂറോളജിസ്റ്റ് ശ്രീചിത്ര ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേര് ഡോക്ടര്‍ മാത്യു എബ്രഹാം. ഞാന്‍ അദ്ദേഹത്തെ വിളിക്കുകയും എന്റെ റിക്വസ്റ്റ് പ്രകാരം അദ്ദേഹം വന്ന് ഈ പേഷ്യന്റിനെ കാണുകയും ചെയ്തു.
കണ്ട് പരിശോധനകള്‍ക്കുശേഷം അദ്ദേഹം പറഞ്ഞു. ന്യൂറോളജിക്കലായ ഒരു തകരാറും ഈ പേഷ്യന്റിനില്ല. ഇത് മെറ്റബോളിക് എന്‍കഫലോപ്പതി എന്ന് പറയുന്ന അസുഖമാണ് അതായത് ഇലക്ട്രൊലൈറ്റ് ഇംപാലന്‍സ് കൊണ്ടുണ്ടാകുന്ന അസുഖമാണ്. ഇത് ഉടനെത്തന്നെ ചികിത്സിക്കേണ്ടതാണ് എത്രയുംപെട്ടെന്ന ഇന്റന്‍സീവ് കെയറുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും പറഞ്ഞു. അദ്ദേഹം ഒരു വാചകം കൂടി പറഞ്ഞു. ശ്രീചിത്രത്തില്‍ ഇത് എന്റെ വാര്‍ഡിലാണെങ്കില് ഇങ്ങനെയൊരു പേഷ്യന്റിനെ ഒരുവിധ ലൈഫ് സപ്പോര്‍ട്ടും ഇല്ലാതെ കിടത്താന്‍ ഞാന്‍ സമ്മതിക്കില്ല.
ഉടന്‍ ഞാന്‍ പറഞ്ഞത് അനുസരിച്ച് ഡോക്ടര്‍ ശ്രീജിത്തിനോട് കാര്യങ്ങള്‍ ഡിസ്‌കസ്സ് ചെയ്തു. എന്നാല്‍ ഈ ഡിസ്‌കഷന് ശേഷവും ഡോക്ടര്‍ ശ്രീജിത്ത് ഈ പേഷ്യന്റിനെ അവിടുന്ന മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. കൂടാതെ, അതിന്റെ തലേദിവസം അതായത് 13ാം തീയതിയും 14 തീയതിയും ഡോ. ശ്രീജിത്തിന്റെ അസിസ്റ്റന്റായ ഡോക്ടര്‍ നന്ദിനിയോട് എ.ബി.ജി എന്ന ടെസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞു. എ.ബി.ജി എന്നുപറയുന്ന ടെസ്റ്റ് ചെയ്യുകയാണെങ്കില്‍ എന്റെ വൈഫിനുണ്ടായ മെറ്റബോളിക് അസിഡോസിസ് പോലുള്ള കാര്യങ്ങള്‍ പെട്ടെന്ന് കണ്ടുപിടിക്കാം. ശരീരത്തിലെ ഇലക്ട്രൊലൈറ്റ് അബ്‌നോര്‍മാലിറ്റിയും പി.എച്ചും ഒക്കെ അറിയുന്ന ഒരു ടെസ്റ്റാണ് ഇത്.
ഇത് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അവരത് നിരസിക്കുകയാണ് ചെയ്തത്. രണ്ടാമത് അവര് പറഞ്ഞു ഈ പേഷ്യന്റിന്റെ ശരീരത്തിലൊന്നും കുത്താനിനി സ്ഥലമില്ല അതുകൊണ്ട് ഇപ്പോള്‍ എ.ബി.ജെയുടെ ആവശ്യമില്ലാന്ന് പറഞ്ഞ് നിരസരിച്ചു. അങ്ങനെ ആ ടെസ്റ്റ് ചെയ്യുകയാണെങ്കില് അന്നുതന്നെ ഈ അസുഖം കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്യാമായിരുന്നു. ഡോക്ടര്‍ മാത്യു എബ്രഹാം സംസാരിച്ചതിനുശേഷവും എന്റെ ഭാര്യ ആര്‍.സി.സിയിലെ വാര്‍ഡില്‍ മരണത്തോട് മല്ലടിച്ചുകൊണ്ട് കിടന്നു.
ഈ 24 മണിക്കൂറായിരുന്നു അവരുടെ ജീവിതത്തിലെ ഏറ്റവും വൈറ്റലായുള്ള സമയം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ 24 മണിക്കൂറുകൊണ്ട് എന്റെ വൈഫിന്റെ ബ്രെയിനില്‍ ഉണ്ടാകേണ്ടുന്ന സകല തകരാറുകളും സംഭവിച്ചുകഴിഞ്ഞിരുന്നു. പിറ്റേദിവസം അതായത് 15ാം തീയതി രാവിലെ ഡോക്ടര്‍ ശ്രീജിത്ത് ഇതിന്റെ സീരിയസ്‌നസ്സ് മനസ്സിലാക്കുകയും എത്രയുംപെട്ടെന്ന് പേഷ്യന്റിനെ ഇവിടുന്ന് കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. അദ്ദേഹം അതിന് പറഞ്ഞ എക്‌സ്‌ക്യൂസ് ഡയാലിസിസ് ആവശ്യമാണെന്നും ഈ പേഷ്യന്റിന് കിഡ്‌നി ഫെയിലുവര്‍ ആണെന്നും ഒക്കെയാണ് എന്നാല്‍ ഇദ്ദേഹം ഇത് പറഞ്ഞുകഴിഞ്ഞ് ഞാന്‍ രണ്ട് നെഫ്രോളജിസ്റ്റുകളുടെ അതായത് കിഡ്‌നി സ്‌പെഷ്യലിസ്റ്റുകളുടെ ഒപ്പീനിയന്‍ എടുക്കുകയും.
അതില്‍ ഒരാള്‍ മെഡിക്കല്‍ കോളജിലെ ഡോക്ടരായിരുന്നു, അദ്ദേഹവും ജി.ജി ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റും ഒരുപോലെ പറഞ്ഞു ഈ പേഷ്യന്റിന് ഡയലാസിസിന്റെ ആവശ്യമില്ല. കാരണം അവരുടെ യൂറിന്‍ ഔട്ട്പുട്ട് ഓക്കെയാണ്. പൊട്ടാസ്യം ലോ ആയിട്ട് നില്‍ക്കുകയാണ്. അങ്ങനൊരു പേഷ്യന്റിന് ഡയലിസിസിന്റെ ആവശ്യമില്ലാ. എങ്കിലും ഞങ്ങള്‍ അവിടെനിന്ന് ജി.ജി. ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയതിന് ശേഷമാണ് ഞാന്‍ ആര്‍.സി.സിയില്‍ സംഭവിച്ച അപാകതകള്‍ മനസ്സിലാക്കിയത്.
ജി.ജി ഹോസ്പിറ്റലിന്റെ ക്രിട്ടിക്കല്‍ കെയറില്‍ എന്റെ ഭാര്യക്ക് കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ കിട്ടിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആര്‍.സി.സിയില്‍ ഇടാതിരുന്ന സെന്‍ട്രല്‍ ലൈന്‍ രണ്ടുമിനിട്ടുകൊണ്ട് അവിടുത്തെ ഡോക്ടര്‍ ഇട്ടു. ഇല്‌ക്ട്രൊലൈറ്റ് അബ്‌നോര്‍മാലിറ്റി കറക്ട് ചെയ്യാനുള്ള കാര്യങ്ങള്‍ അവര്‍ ചെയ്തു.
എ.ബി.ജി എന്ന ടെസ്റ്റ് മൂന്നും നാലും മണിക്കൂര്‍ ഇടവിട്ട് ചെയ്ത് പേഷ്യന്റിന്റെ ഇലക്ട്രൊലൈറ്റും പി.എച്ചും നോക്കിക്കൊണ്ടേയിരുന്നു. കൂടാതെ ഇവര് ചെയ്യാതിരുന്ന, പേഷ്യന്റിന്റെ ശരീരത്തില്‍ സെപ്റ്റിസീമിയ ഉണ്ടോ എന്നറിയാനുള്ള ഒരു ടെസ്റ്റുണ്ട്. അതായത് ഡി.എന്‍.എ ടെക്‌നോളജി ഉപയോഗിച്ച് ശരീരത്തില്‍ വൈറസോ, ഫങ്കസോ പ്രത്യേകിച്ച് ക്യാന്‍സര്‍ പേഷ്യന്റിന്റെ ശരീരത്തിലുണ്ടോ എന്നറിയാനുള്ള ടെസ്റ്റ് അവര്‍ ചെയ്തു.
പക്ഷേ ഇവര്‍ ഇതൊക്കെ ചെയ്തപ്പോഴത്തേക്കും എന്റെ വൈഫിന് ഉണ്ടാകേണ്ടുന്ന തകരാറുകള്‍ ഒക്കെ ആര്‍.സി.സിയില്‍ വെച്ചുതന്നെ ഉണ്ടായിട്ടുണ്ടായിരുന്നു. അങ്ങനെ പതിനെട്ടാം തീയതി രാവിലെ എന്റെ ഭാര്യ മരണപ്പെട്ടു. ആര്‍.സി.സിയിലെ ചികിത്സാപ്പിഴവാണ് അവിടുത്തെ ഡോക്ടര്‍മാരുടെ ചികിത്സയിലുള്ള ഇഗ്നൊറന്‍സ് അല്ലെങ്കില് നെഗ്ലിജെന്‍സ് കാരണമാണ് എന്റെ വൈഫ് മരിച്ചതെന്ന് ഞാന്‍ പൂര്‍ണ്ണമായിട്ട് വിശ്വസിക്കുന്നു. ഇതിന് ഉത്തരം പറയേണ്ടത് ആരാണെന്ന് പ്രിയപ്പെട്ടപ്പവരെ നിങ്ങള് തന്നെ ആലോചിച്ചിട്ട് പറയുക”-