റോഡിയോ ജോക്കിയുടെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍, പിടിയിലായത് കൊലപാതകത്തിന് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്ത എന്‍ജിനീയര്‍

തിരുവനന്തപുരം: നാടന്‍പാട്ട് കലാകാരനും മുന്‍ റേഡിയോ ജോക്കിയുമായ രാജേഷിനെ സ്റ്റുഡിയോയില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കായംകുളം സ്വദേശിയായ എന്‍ജിനീയര്‍ യാസീന്‍ മുഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുഖ്യപ്രതി അലിഭായി ഉള്‍പ്പെടെയുള്ളവരെ കൊലപാതകത്തിന് ശേഷം സ്വിഫ്റ്റ് കാറില്‍ ബെംഗളൂരുവില്‍ എത്തിച്ചതും കാര്‍ തിരികെ കേരളത്തില്‍ ഉപേക്ഷിച്ചതും യാസീനാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് വേണ്ട മറ്റ് സഹായങ്ങളും യാസീന്‍ ചെയ്തെന്നാണ് പൊലീസ് അനുമാനം.

കൊലപാതകികള്‍ക്ക് താമസ സൗകര്യം ഒരുക്കിയ കൊല്ലം സ്വദേശി സനുവിനെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയിലും സനുവിന് പങ്കുള്ളതായാണ് സംശയം. ഇയാളുടെ വീട്ടില്‍ നിന്ന് ഒരു വാള്‍ കണ്ടെടുത്തിട്ടുണ്ട്.

പ്രവാസി വ്യവസായിയായ ഓച്ചിറ തെക്ക് കൊച്ചുമുറി നായമ്പരത്ത് കിഴക്കതില്‍ പത്തിരി സത്താറാണ് കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. ഖത്തറില്‍ ജിംനേഷ്യം പരിശീലകനായ ഓച്ചിറ സ്വദേശി അലിഭായി എന്ന സാലിഹ ബിന്‍ ജലാലാണ് കൊലയ്ക്ക് നേതൃത്വം നല്‍കിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

മാര്‍ച്ച് 27ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആറ്റിങ്ങല്‍ മടവൂരിനടുത്ത് രാജേഷിനെ ഒരു സംഘം വെട്ടിക്കൊന്നത്. കാറിലെത്തിയ നാലംഗ സംഘം രാജേഷിന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment