ചെന്നൈ: കാവേരി വിഷയത്തിലെ തമിഴ്നാടിന്റെ പ്രതിഷേധം ഐപിഎല്‍ വേദിയില്‍ പ്രതിഫലിക്കണമെന്ന് നടന്‍ രജനീകാന്ത്. ചെന്നൈ ടീം അംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് കളിക്കാനിറങ്ങണമെന്നും രജനീകാന്ത് ചെന്നൈയില്‍ തമിഴ് ചലച്ചിത്ര താരങ്ങളുടെ ഉപവാസ സമരവേദിയില്‍ പറഞ്ഞു.
കമല്‍ ഹാസന്‍, സൂര്യ, വിജയ്, വിശാല്‍, സത്യരാജ്, വിവേക്, ധനുഷ്, ശിവകാര്‍ത്തികേയന്‍ തുടങ്ങി നിരവധി താരങ്ങളാണ് വള്ളുവര്‍ കോട്ടത്തില്‍ നടക്കുന്ന ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നത്. കാവേരി വിഷയത്തില്‍ രജനീകാന്തിന്റെ മൗനം തെറ്റാണെന്ന് കമല്‍ഹാസന്‍ നേരത്തേ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രജനി വിഷയത്തില്‍ പ്രതിഷേധ ആഹ്വാനവുമായി രംഗത്തെത്തിയത്.
ഏപ്രില്‍ 10ന് ചെന്നൈ ചെപ്പോക്ക് എം.എ.ചിദംബരം സ്റ്റേഡിയത്തിലാണ് ചെന്നൈയിലെ ആദ്യ ഐ.പി.എല്‍. മത്സരം. വാതുവെപ്പ് കേസില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിന് ഏര്‍പ്പെടുത്തിയിരുന്ന അയോഗ്യത നീങ്ങിയതിനെത്തുടര്‍ന്ന് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ചെന്നൈ വീണ്ടും ഐ.പി.എല്ലിന് വേദിയാകുന്നത്.
ഏപ്രില്‍ പത്ത് മുതല്‍ മെയ് 20 വരെ ഏഴു മത്സരങ്ങള്‍ക്കാണ് ചെപ്പോക്ക് സ്റ്റേഡിയം വേദിയാകുക. തമിഴ് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് ഉപവാസം. കാവേരി ബോര്‍ഡ് രൂപവത്കരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ വൈകുന്നതാണ് തമിഴ്നാട്ടില്‍ പ്രക്ഷോഭം ശക്തമാവാന്‍ കാരണം.
നേരത്തെ ‘നാം തമിഴര്‍ കക്ഷി’ അടക്കമുള്ള പാര്‍ട്ടികള്‍ക്ക് പിന്നാലെ ദളിത് പാര്‍ട്ടി വി.സി.കെ.യും ഐ.പി.എല്‍ വേദി മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. മത്സരം ചെന്നൈയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വി.സി.കെ. നേതാവ് തിരുമാവളവന്‍ ഐ.പി.എല്‍. ചെയര്‍മാന് കത്തയച്ചു. തമിഴ്നാട്ടിലെ ജനങ്ങളുടെ പൊതുവികാരം മാനിച്ച് വേദിമാറ്റാന്‍ നടപടിയെടുക്കണമെന്നും തിരുമാവളവന്‍ അഭ്യര്‍ഥിച്ചു.
സംവിധായകന്‍ ഭാരതിരാജ, സംഗീതസംവിധായകന്‍ ജെയിംസ് വസന്തന്‍ എന്നിവരും ഇവിടെ ഐ.പി.എല്‍. മത്സരം നടത്തുന്നതിനെതിരേ രംഗത്ത് വന്നിരുന്നു. കാവേരി സമരത്തെ മുന്നില്‍ നിന്ന് നയിക്കുന്ന മുഖ്യപ്രതിപക്ഷമായ ഡി.എം.കെ. ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഐ.പി.എല്‍. ബഹിഷ്‌കരണത്തിന്റെ കാര്യത്തില്‍ ഓരോരുത്തര്‍ക്കും മനഃസാക്ഷിക്ക് അനുസരിച്ച് തീരുമാനിക്കാമെന്നാണ് സ്റ്റാലിന്റെ പ്രതികരണം.
Leave a Comment