സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും; ആശങ്കയോടെ ബോളിവുഡ് സിനിമാ ലോകം

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജോധ്പൂര്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ മുതല്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടാം വാര്‍ഡില്‍ 106ാം നമ്പര്‍ തടവുകാരനാണ് സല്‍മാന്‍.

അതേസമയം ജയിലില്‍ സല്‍മാന്‍ ഖാന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നത്. 5 വര്‍ഷം തടവുശിക്ഷ നല്‍കിയ വിചാരണക്കോടതി വിധി റദ്ദാക്കണമെന്നും അപ്പലീല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജയിലില്‍ സുരക്ഷാ ഭീഷണി ഇല്ലെന്നും മൂന്ന് പൊലീസുകാരെ ജയിലിന് പുറത്ത് നിര്‍ത്തിയിട്ടുണ്ടെന്നും ജയില്‍ ഡിഐജി പറഞ്ഞു. അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സല്‍മാനെ കാണാന്‍ അനുമതിയുണ്ട്.

ജയിലില്‍ അദ്ദേഹത്തിന് പ്രത്യേക പരിഗണനകള്‍ ഒന്നും ലഭിക്കുന്നില്ലെന്നും ഡിഐജി പറഞ്ഞു. നാല് പുതപ്പുകളാണ് ജയിലില്‍ സല്‍മാന് നല്‍കിയിട്ടുള്ളത്. കിടക്കാന്‍ കട്ടിലോ മെത്തയോ ഉണ്ടാവില്ല. ഇന്ന് സല്‍മാന് ജയില്‍ യൂണിഫോം നല്‍കും. ജാമ്യം ലഭിച്ചാല്‍ അപ്പീല്‍ നല്‍കാനാണ് സല്‍മാനെതിരെ കേസ് നല്‍കിയ ബിഷ്ണോയ് സമുദായത്തിന്റെ തീരുമാനം. സെയ്ഫ് അലി ഖാനും തബുവും അടക്കമുള്ള അഞ്ച് പ്രതികളെ വെറുതെ വിട്ടതിനെതിരെയും ബിഷ്ണോയി വിഭാഗം അപ്പീല്‍ നല്‍കും.

1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച് വേട്ടയാടിയെന്നാണ് കേസ്. കഴിഞ്ഞ സെപ്റ്റംബര്‍ 13-നാണ് ഈ കേസില്‍ വാദം തുടങ്ങിയത്. 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേസില്‍ വിധി പുറപ്പെടുവിക്കുന്നത്.

സല്‍മാന്‍ ഖാന്‍ ജയിലിലായതോടെ ബോളിവുഡ് ആകെ ആശങ്കയിലായിരിക്കുകയാണ്. 650 കോടിയോളം രൂപയുടെ നഷ്ടമാണ് സല്‍മാന്റെ അറസ്റ്റോടെ ഉണ്ടായത് എന്നാണ് വിലയിരുത്തല്‍.

അണിയറയില്‍ മൂന്ന് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് സല്‍മാന്റേതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. റേസ്-3, ദബാംഗ്-3, കിക്ക്- 2 എന്നീ ചിത്രങ്ങളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ സല്‍മാനെ അല്ലാതെ മറ്റ് താരങ്ങളെ വെച്ച് ഒരുക്കാന്‍ കഴിയാത്തതുമാണ്.

ഇതില്‍ കിക്കിന്റെയും, ദബാംഗിന്റെയും ചിത്രീകരണം ആരംഭിച്ചിട്ടില്ല. റിമോ ഡിസൂസ സംവിധാനം ചെയ്യുന്ന ‘റേസ്-3’ ജൂണില്‍ ഈദ് റിലീസ് ആയി പുറത്തിറങ്ങേണ്ട ചിത്രമാണിത്. അവസാന ഘട്ടത്തിലേക്കെത്തിനില്‍ക്കുന്ന ചിത്രത്തിന്റെ നിര്‍മാണപ്രവൃത്തി സല്‍മാന്‍ ജയിലിലായതോടെ മുടങ്ങി.

Similar Articles

Comments

Advertismentspot_img

Most Popular