സന്തോഷ് ട്രോഫി കേരളം ഇന്ന് സെമിയില്‍ ഗ്രൂപ്പില്‍ ബിയിലെ രണ്ടാംസ്ഥാനക്കാരായ മിസോറാമിനെ നേരിടും. ഫൈനല്‍ ലക്ഷ്യമാക്കി ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായ കേരളം ഇന്ന് കളത്തിലിറങ്ങുന്നത്.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കര്‍ണാടകയോട് തോറ്റതു കൊണ്ടാണ് മിസോറാം രണ്ടാം സ്ഥാനത്തായത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ് മിസോറാം എന്നാണ് കേരളാ പരിശീലകന്റെ അഭിപ്രായം. അതുകൊണ്ട് തന്നെ ശക്തമായ പോരാട്ടം ഇന്ന് ഗ്രൗണ്ടില്‍ പ്രതീക്ഷിക്കുന്നു എന്നും സതീവന്‍ ബാലന്‍ പറയുന്നു. ഗ്രൂപ്പില്‍ ആതിഥേയരായ ബംഗാളിനെയും പിറകിലാക്കിയാണ് കേരളം സെമിയിലേക്ക് വന്നത്.
ടൂര്‍ണമെന്റില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതും ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയതും കേരളമാണ്. 15 ഗോളുകള്‍ നാലു മത്സരങ്ങളില്‍ നിന്നായി അടിച്ചപ്പോള്‍ വെറും ഒരു ഗോള്‍ മാത്രമാണ് കേരളം തിരിച്ചുവാങ്ങിയത്.
യുവതാരങ്ങളായ ജിതിന്‍ എം എസ്, ജിതിന്‍ ഗോപന്‍, രാഹുല്‍ കെ പി, അഫ്ദാല്‍ തുടങ്ങുയരുടെ ഗംഭീര ഫോമിലാണ് കേരളത്തിന്റെ പ്രതീക്ഷ. അവസാനമായി 2005ലാണ് കേരളം സന്തോഷ് ട്രോഫി കിരീടം നേടിയത്.