കുന്നിടിച്ചുണ്ടാക്കിയ വഴിയിലൂടെയാണ് സമരക്കാര്‍ കീഴാറ്റൂര്‍ വയലിലെത്തിയത്, വിമര്‍ശനവുമായി പി ജയരാജന്‍

കണ്ണൂര്‍: കീഴാറ്റൂരില്‍ ദേശീയപാതാ ബൈപ്പാസിനെതിരെ സമരം നടത്തുന്ന ബിജെപി കണ്ണൂര്‍ ബൈപാസ് വയലിലൂടെ വേണമെന്ന് ആവശ്യപ്പെട്ടതിനെക്കുറിച്ച് വിശദീകരണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.

‘കണ്ണൂര്‍ ബൈപാസില്‍ വാരം കടാങ്കോട് ഭാഗത്ത് 85 വീടുകള്‍ നഷ്ടപ്പെടുമെന്നു പറഞ്ഞാണു വലിയന്നൂര്‍ വയല്‍ വഴിയുള്ള ബദല്‍ അലൈന്‍മെന്റ് വേണമെന്നു പി.കെ. കൃഷ്ണദാസ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണു വലിയന്നൂരില്‍ ബൈപാസ് വയലിലൂടെയാക്കാന്‍ ദേശീയപാത അതോറിറ്റി തീരുമാനിച്ചത്. വലിയന്നൂരിലേതു വയലല്ലേ? ജയരാജന്‍ ചോദിച്ചു. ബിജെപിയുടെ കാപട്യം തുറന്നുകാട്ടുന്നതാണ് ഇതെന്നും ജയരാജന്‍ പറഞ്ഞു.

സുരേഷ് ഗോപിയുടെ നാടായ തിരുവനന്തപുരത്ത് റെയിലും റോഡുമുണ്ടായതു വയല്‍ നികത്താതെയാണോയെന്ന് ജയരാജന്‍ ചോദിച്ചു. കീഴാറ്റൂര്‍ ബൈപാസ് ഏതു വഴി വേണമെന്നു തീരുമാനിക്കേണ്ടതു ദേശീയപാത അതോറിറ്റിയാണ്. അതിനോടു മാത്രമാണ് സംസ്ഥാനസര്‍ക്കാരും സിപിഎമ്മും പ്രതികരിക്കേണ്ടത്.

ബൈപാസ് വിഷയത്തില്‍ ശാസ്ത്രസാഹിത്യപരിഷത്തിന്റെ ചില നിര്‍ദേശങ്ങളോടും വിയോജിപ്പുണ്ട്. തീവ്രവാദികളും മാവോയിസ്റ്റുകളും ജമാ അത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ആര്‍എസ്എസും അണിചേര്‍ന്ന കീഴാറ്റൂര്‍ ബൈപാസ് വിരുദ്ധസമരം ജനപക്ഷ രാഷ്ട്രീയമായി കരുതുന്നില്ല. കൂവോട്, കീഴാറ്റൂര്‍ വയലുകള്‍ പൂര്‍ണമായി നശിക്കുമെന്ന് കരുതുന്നില്ല. കുന്നിടിച്ചുണ്ടാക്കിയ വഴിയിലൂടെയാണ് സമരക്കാര്‍ കീഴാറ്റൂര്‍ വയലിലെത്തിയതെന്ന് ഓര്‍മിക്കണമെന്നും ജയരാജന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7