ജനങ്ങളെ കൊള്ളയടിക്കാന്‍ വീണ്ടും ബാങ്കുകള്‍; നടപടിയെടുക്കാതെ സര്‍ക്കാര്‍…..

മുംബൈ: ബിജെപി സര്‍ക്കാരിന്റെ വാഗ്ദാനമായ ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹനത്തിനിടെ ജനങ്ങളെ കൊള്ളയടിക്കുന്ന പുതിയ നടപടിയുമായി ബാങ്കുകള്‍. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെന്നറിയാതെ ഏതെങ്കിലും എടിഎമ്മിലോ സൂപ്പര്‍മാര്‍ക്കറ്റിലോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ കീശയില്‍നിന്ന് കാശുപോകും. മിനിമം ബാലന്‍സ് ഇല്ലാതെ ഓരോ തവണയും കാര്‍ഡ് സൈ്വപ് ചെയ്താല്‍ ബാങ്കുകള്‍ ഈടാക്കുക 17 രൂപമുതല്‍ 25 രൂപവരെയാണ്. ഈ തുകയ്‌ക്കൊപ്പം ജിഎസ്ടിയും ബാധകമാകും.
എടിഎമ്മിലോ അല്ലെങ്കില്‍ ഏതെങ്കിലും ഷോപ്പിലോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍(മിനിമം ബാലന്‍സ് അക്കൗണ്ടില്‍ ഇല്ലെങ്കില്‍) എസ്ബിഐ ഈടാക്കുക 17 രൂപയാണ്. എച്ച്ഡിഎഫ്‌സി ബാങ്കും ഐസിഐസിഐ ബാങ്കും ഓരോ തവണ ഇടപാട് നിഷേധിക്കുമ്പോഴും 25 രൂപവീതമാണ് ഇടപാടുകാരനില്‍നിന്ന് വസൂലാക്കുക. കാര്‍ഡുവഴി പണമടയ്ക്കുമ്പോള്‍ കച്ചവടക്കാരനില്‍നിന്ന് ബാങ്ക് ഈടാക്കുന്നതുകയ്ക്ക് സര്‍ക്കാര്‍ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഇടപാടുകാരനില്‍നിന്ന് ഈടാക്കുന്നതുകയ്ക്ക് ന്യായീകരണമൊന്നുമില്ല. ബാങ്കിന്റെ ശാഖകളോ എടിഎമ്മോ ആശ്രയിക്കാതെ ഷോപ്പുകളില്‍ ഡെബിറ്റ് കാര്‍ഡുകള്‍ സൈ്വപ്പ് ചെയ്യുന്നതിന് ബാങ്കുകള്‍തന്നെ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ പണം ഈടാക്കുകകൂടി ചെയ്യുന്നത്. ചെക്ക് മടങ്ങുന്നതിന് സമാനമായ രീതിയാണിതെന്നാണ് ബാങ്കുകളുടെ വിശദീകരണം. അതുകൊണ്ടാണ് താരതമ്യേന കുറഞ്ഞ തുക പിഴ ഈടാക്കുന്നതെന്നും ബാങ്കുകള്‍ പറയുന്നു. അതേസമയം ജനങ്ങളെ കൊള്ളയടിക്കുന്ന ബാങ്കിന്റെ തീരുമാനത്തില്‍ ജനരോഷം ഉയരുന്നുണ്ട്. ബാങ്കുകളുടെ നിലപാടിനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നുമില്ല.

Similar Articles

Comments

Advertismentspot_img

Most Popular