ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പാര്‍ലമെന്റ് മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കുനേരെ പൊലീസ് അതിക്രമം. പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ചു തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് ആസ്ഥാനം ഉപരോധിക്കുകയാണ്.
മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകളും മറ്റും പൊലീസ് ആക്രമണത്തില്‍ തകര്‍ന്നിരുന്നു. കുറ്റക്കാരെ പൊലീസ് സംരക്ഷിക്കുകയാണെന്നാരോപിച്ചാണ് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം.ഹിന്ദുസ്ഥാന്‍ ടൈംസ് ഫോട്ടോഗ്രാഫര്‍ അനുശ്രീ ഫഡ്നാവിസിനെതിരെയായിരുന്നു പൊലീസ് ആക്രമണം. ഇന്ത്യന്‍ എക്സ്പ്രസിന്റെ വനിതാ റിപ്പോര്‍ട്ടറെയും പൊലീസ് ആക്രമിച്ചു. സംഭവത്തെക്കുറിച്ച് ദല്‍ഹി ഡി.സി.പി മധുര്‍വര്‍മ്മയോട് വനിതാമാധ്യമപ്രവര്‍ത്തക പരാതി പറഞ്ഞപ്പോള്‍ അദ്ദേഹം അത് നിസ്സാരമായി തള്ളിക്കളയുകയായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.
വിദ്യാര്‍ഥികളെയും അധ്യാപകരെയും പൊലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതിനാണ് അനുശ്രീ ഫഡ്നവിസിന്റെ ക്യാമറ പൊലീസുകാര്‍ തട്ടിപ്പറിച്ചത്.നേരത്തെ വിദ്യാര്‍ത്ഥി മാര്‍ച്ചിനുനേരെയും പൊലീസ് ആക്രമണമഴിച്ചുവിട്ടിരുന്നു.