ലണ്ടന്‍: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ചോര്‍ത്തി നല്കിയെന്ന ആരോപണത്തില്‍ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ കുറ്റസമ്മതം. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് സുക്കര്‍ബര്‍ഗ് തുറന്നുസമ്മതിച്ചു. കേംബ്രിജ് അനലിറ്റിക്കയുമായി നടന്ന ഇടപാടില്‍ വിശ്വാസ്യതാപ്രശ്‌നം സംഭവിച്ചെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.
ഫെയ്സ്ബുക്ക് തുടങ്ങിയ വ്യക്തിയെന്ന നിലയില്‍ ഇതിനു ഞാന്‍ ഉത്തരവാദിയാണെന്നു സുക്കര്‍ബര്‍ഗ് പറഞ്ഞു. വ്യക്തികളുടെ സ്വകാര്യത വിവരങ്ങള്‍ ചോര്‍ന്നത് ഞങ്ങളുടെ വിശ്വാസ്യതയ്ക്ക് കളങ്കം ചാര്‍ത്തി. ഇനി ഫെയ്സ്ബുക്കില്‍ നിന്നും വിവരശേഖരണം നടത്തുന്ന ആപ്ലിക്കേഷനുകളെ സൂക്ഷമായി പരിശോധിക്കും.
ബ്രിട്ടീഷ് ഡാറ്റ അനലിസ്റ്റ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റികയിലെ മുന്‍ റിസര്‍ച്ച് ഡയറക്ടറായിരുന്ന ക്രിസ്റ്റഫര്‍ വെയ്‌ലി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്ത് ട്രംപ് പ്രചാരകര്‍ക്കുവേണ്ടി ഫെയ്സ്ബുക്കില്‍ നിന്ന് അഞ്ച് കോടിയിലേറെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത നേരെത്ത പുറത്തു വന്നിരുന്നു.
അലക്‌സാണ്ടര്‍ കോഗന്‍ എന്ന റഷ്യന്‍ വംശജനായ അമേരിക്കന്‍ മനഃശാസ്ത്രജ്ഞനാണ് ഒരു ആപ് ഫെയ്‌സ്ബുക്കിലൂടെ നല്കാന്‍ അനുമതി തേടിയത്. ആപ് വാങ്ങുന്നവരുടെ സ്വകാര്യവിവരങ്ങള്‍ അയാള്‍ മുന്നറിയിപ്പു നല്കി നേടിയെടുത്തു. എന്നാല്‍, ഇതിനു ലഭിച്ച സാങ്കേതികസൗകര്യം ഉപയോഗിച്ച് മറ്റാള്‍ക്കാരുടെയും വിവരങ്ങള്‍ ശേഖരിച്ച് എസ്സിഎലിനും അനലിറ്റിക്കയ്ക്കും നല്കി. അനലിറ്റിക്ക എന്ന സ്ഥാപനത്തിന് ഒന്നരക്കോടി ഡോളര്‍ (97.5 കോടി രൂപ) നല്കിയത് ട്രംപിനെ പിന്താങ്ങുന്ന കോടീശ്വരന്‍ റോബര്‍ട്ട് മെര്‍സറാണ്.
ട്രംപിന്റെ പ്രചാരണതന്ത്ര മേധാവി സ്റ്റീവ് ബാനനും പണം മുടക്കി. അനലിറ്റിക്കയ്ക്കു ലഭിച്ച വിവരങ്ങള്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായ ജനാഭിപ്രായം സൃഷ്ടിക്കാനുള്ള പ്രചാരണത്തിന് ഉപയോഗിച്ചു. ഫെയ്‌സ്ബുക്കിലെ ചാറ്റിംഗ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്ത് ഓരോ വോട്ടറെയും എങ്ങനെ സ്വാധീനിക്കാമെന്നു മനസിലാക്കുകയും അതനുസരിച്ചുള്ള സന്ദേശങ്ങള്‍ അയാള്‍ക്കു നല്കുകയുമാണു കേംബ്രിജ് അനലിറ്റിക്കയും എസ്സിഎലും ചെയ്യുന്നത്.
സ്വകാര്യത ചോര്‍ന്നെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഫെയ്‌സ്ബുക്കിന്റെ ഓഹരികള്‍ ഇടിഞ്ഞിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഫെയ്സ്ബുക്കിന്റെ ഏറ്റവും വലിയ ഓഹരിവിലയിലെ തിരിച്ചടിയാണിത്. കമ്പനിയുടെ വിപണിമൂല്യത്തിലും 537 ബില്യണ്‍ ഡോളറില്‍ നിന്നും 494 ബില്യണ്‍ ഡോളറിലേക്കുള്ള ഇടിവുണ്ടായി. 500 കോടി ഡോളറാണ് ഈയൊരൊറ്റ സംഭവികാസം കൊണ്ട് ഫെയ്സ്ബുക്ക് ഉടമ സുക്കര്‍ബര്‍ഗിന് നഷ്ടമായിരിക്കുന്നത്.
കേംബ്രിജ് അനലിറ്റിക്കയെയും ബന്ധപ്പെട്ടവരെയും ഫെയ്സ്ബുക്ക് വിലക്കിയിട്ടുണ്ട്. വിവരങ്ങള്‍ പുറത്തായതോടെ ബ്രിട്ടനിലും അമേരിക്കയിലും ഫെയ്സ്ബുക്കിനും കേംബ്രിജ് അനലിറ്റിക്കിനുമെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.