കൊച്ചിയില്‍ ഇനി ക്രിക്കറ്റ് വേണ്ടേ…? ഗ്രൗണ്ട് കുത്തിപ്പൊളിച്ച് ഉണ്ടാക്കുന്നത് പിച്ച് അല്ല, ശവപ്പെട്ടിയാണ്…! പ്രതിഷേധം വ്യാപകം

സ്വന്തം ലേഖകന്‍
കൊച്ചി: മത്സരം ഫുട്‌ബോളായാലും ക്രിക്കറ്റായാലും കൊച്ചി സ്‌റ്റേഡിയം എപ്പോഴും നിറഞ്ഞുകവിഞ്ഞിരിക്കും. അതാണ് മലയാളികളുടെ സ്‌പോര്‍ട്‌സ് സ്‌നേഹം. ഒരുകാലത്ത് കൊച്ചിയില്‍ സ്ഥിരം ക്രിക്കറ്റ് മത്സരം മാത്രമായിരുന്നു. കാത്ത് കാത്തിരുന്നാലാണ് കേരളത്തിലേക്ക് ഒരു ഏകദിനം എത്തുക. നിറഞ്ഞുകവിയുന്ന ഗ്യാലറികള്‍ക്കു മുന്നിലല്ലാതെ ഒരു കളിപോലും ഇവിടെ നടന്നിട്ടുമില്ല. എന്നാല്‍ പിന്നീട് ഐഎസ്എല്ലും ഫിഫ അണ്ടര്‍ 17 ലോകകപ്പുമെല്ലാം കൊച്ചിയെ തേടി എത്തിയതോടെ കാര്യം മാറി. കൊച്ചി സ്‌റ്റേഡിയത്തിന്റെ നിലവാരം മാറി. ഇപ്പോള്‍ കേരളത്തിലെ കായികപ്രേമികള്‍ ആകെ ആശങ്കയിലാണ്. കേരള പിറവി ദിനത്തില്‍ കൊച്ചിയില്‍ ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് ഏകദിനം നടക്കാന്‍ പോകുന്നു. ഇതിനെതിരേ പ്രതിഷേധമാണ് ഇപ്പോള്‍ ഉയരുന്നത്. കൊച്ചിയില്‍ ക്രിക്കറ്റ് വേണ്ടാാാ. എന്നാണ് ഒരു പക്ഷം പറയുന്നത്…

അതേസമയം ശശി തരൂര്‍ എംപിയും ഈ തീരുമാനത്തിനെതിരേ രംഗത്ത് എത്തി. നേരെത്ത തീരുമാനിച്ച പോലെ ഇന്ത്യ -വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത് തന്നെ നടത്തണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റര്‍സ് തലവന്‍ വിനോദ് റായിയെ ബന്ധപ്പെട്ടിട്ടുണ്ട്. ശശി തരൂര്‍ എം പി ഇക്കാര്യം ഫെയസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം ക്രിക്കറ്റ് മത്സരം നടത്താന്‍ വിധം സജ്ജമാണ്. വിഷയത്തില്‍ ഇടപെടാമെന്ന് വിനോദ് റായി വ്യക്തമാക്കിയിട്ടുണ്ട്. മത്സരം കലൂരിലേക്ക് മാറ്റുന്നതിനുള്ള കെസിഎയുടെ തീരുമാനം സംശയകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലൂര്‍ സ്‌റ്റേഡിയം ക്രിക്കറ്റിനു നല്‍കിയില്‍ ഫുട്‌ബോള്‍ താരങ്ങളായ സി കെ വിനീത്, ഇയാന്‍ ഹ്യൂം എന്നിവര്‍ സോഷ്യല്‍ മീഡിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

രാജ്യാന്തര നിലവാരത്തില്‍ ഫിഫയുടെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച ഫുട്‌ബോള്‍ കളിക്കളം കുത്തിയിളക്കി ക്രിക്കറ്റ് പിച്ച് നിര്‍മിക്കുമെന്ന ആശങ്കയാണു പ്രതിഷേധത്തിനു വഴിവച്ചിരിക്കുന്നത്. കൊച്ചി സ്‌റ്റേഡിയം നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടീം കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ടണ്. അതിലുപരി ഇന്ത്യയ്ക്കു സ്വന്തമായുള്ള ആറു രാജ്യാന്തര നിലവാരത്തിലുള്ള ഫുട്‌ബോള്‍ ഗ്രൗണ്ടുകളിലൊന്നിനെ നശിപ്പിച്ചു കളയണോ എന്നും പ്രതിഷേധ സ്വരമുയര്‍ത്തുന്നവര്‍ ചോദിക്കുന്നു.

ആര്‍ ജെ അരുണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയും വൈറലാകുന്നുണ്ട്.
‘രാജ്യം ആദ്യമായി ആതിഥ്യമരുളിയ ഫിഫ ചാമ്പ്യന്‍ഷിപ്പായ അണ്ടര്‍ 17 ലോകകപ്പിനു മുന്നോടിയായാണ് കൊച്ചി സ്‌റ്റേഡിയത്തെ ഇങ്ങനെ ഒരുക്കിയത്. രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ നേതൃത്വത്തില്‍ കോടികള്‍ ചിലവഴിച്ചാണ് വിദേശത്തു നിന്ന് എത്തിച്ച പുല്ലുപിടിപ്പിച്ച് സ്‌റ്റേഡിയത്തില്‍ ഒന്നാന്തരം ഫുട്‌ബോള്‍ ഗ്രൗണ്ട് ഒരുക്കിയെടുത്തത്. അവിടെ ഇപ്പോള്‍ ക്രിക്കറ്റ് നടത്തണമെങ്കില്‍ മൈതാനത്തിന്റെ നടുക്ക് പിച്ച് ഒരുക്കണം. ആ പിച്ചിന് ഒരു ശവപ്പെട്ടിയുടെ മാതൃകയായിരിക്കും. ആ പിച്ചുണ്ടാക്കാനെടുക്കുന്ന കുഴിയില്‍ ഗ്രൗ്ണ്ട് മൊത്തമായി കുഴിച്ചുമൂടപ്പെടും’ എന്നാണ് വീഡിയോയിലൂടെ ആര്‍ ജെ അരുണ്‍ പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular