കോട്ടയം: മുന്നണി പ്രവേശനം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ ഭിന്നത. എല്‍ഡിഎഫിനൊപ്പം നില്‍ക്കണമെന്നും യുഡിഎഫിലേക്കു മടങ്ങണമെന്നും യോഗത്തില്‍ ഇരു വിഭാഗങ്ങള്‍ ആവശ്യപ്പെട്ടു. മുന്നണി പ്രവേശനം സംബന്ധിച്ച് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനമുണ്ടാകുമെന്ന് യോഗത്തില്‍ നേതൃത്വം വ്യക്തമാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്നു പാര്‍ട്ടി വിട്ടുനില്‍ക്കണമെന്നും അഭിപ്രായം ഉയര്‍ന്നതായാണ് ലഭിക്കുന്ന സൂചനകള്‍. ഉപതിരഞ്ഞെടുപ്പിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കേരളാ കോണ്‍ഗ്രസിന്റെ നിര്‍ണായക സ്റ്റിയറിങ് കമ്മറ്റിയോഗം ചേര്‍ന്നത്. മൂന്നു മണിക്കു പാര്‍ട്ടി അധ്യക്ഷന്‍ കെ.എം.മാണിയുടെ നേതൃത്വത്തില്‍ തുടങ്ങിയ യോഗത്തില്‍ പാര്‍ട്ടിയിലെ എംപിമാരും എംഎല്‍എമാരും ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന ഭാരവാഹികളും പങ്കെടുക്കുന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രാദേശിക ഘടകത്തിനു തീരുമാനം വിട്ടുകൊടുത്ത് മനഃസാക്ഷി വോട്ട് എന്ന നിലപാട് കേരള കോണ്‍ഗ്രസ് നേതൃത്വം കൈക്കൊള്ളുമെന്നാണ് സൂചന.