കുവൈത്തിലെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍

കുവൈത്ത് സിറ്റി: പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതോടെ കുവൈത്തിലെ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ ജോലി നഷ്ടമാകുമെന്ന ആശങ്കയില്‍. താമസാനുമതി (ഇഖാമ) പുതുക്കാന്‍ കുവൈത്ത് സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്‌സി (കെഎസ്ഇ) ന്റെ എന്‍ഒസി നിര്‍ബന്ധമാക്കിയതാണു വ്യവസ്ഥകളില്‍ ഒന്ന്. ഇന്ത്യയിലെ നാഷനല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷനില്‍ (എന്‍ബിഎ) റജിസ്റ്റര്‍ ചെയ്ത കോളജുകളില്‍ പഠിച്ചവര്‍ക്കേ കെഎസ്ഇ അംഗീകാരം നല്‍കൂ. എന്‍ബിഎ നിലവില്‍ വന്ന 2014നു മുന്‍പ് കല്‍പിത, സ്വകാര്യ സര്‍വകലാശാലകളില്‍നിന്നു ബിരുദം നേടിയവരാണു പ്രശ്‌നത്തിലായിരിക്കുന്നത്.
2014നു ശേഷമുള്ള കോഴ്‌സുകള്‍ക്കാണ് എന്‍ബിഎ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതെന്നും അതിനു മുന്‍പ് 1956ലെ യുജിസി ആക്ട് പ്രകാരം അംഗീകാരമുണ്ടായിരുന്ന കോഴ്‌സുകളില്‍ പഠിച്ചവര്‍ പ്രതിസന്ധി നേരിടുകയാണെന്നുമാണ് മലയാളി എന്‍ജിനീയര്‍മാര്‍ പറയുന്നത്. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ, മാനവ വിഭവശേഷി മന്ത്രാലയങ്ങള്‍ക്ക് അപേക്ഷ അയച്ചിട്ടുണ്ട്.
60 ശതമാനത്തോളം ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ പ്രശ്‌നം ബാധിക്കുമെന്നു കെഎസ്ഇ അധികൃതര്‍തന്നെ പറയുന്നു. എന്‍ബിഎ അംഗീകൃത കോളജുകളില്‍നിന്നുള്ളവര്‍ക്കും കെഎസ്ഇ എഴുത്തുപരീക്ഷ പാസായാലേ എന്‍ഒസി കിട്ടൂ. പരീക്ഷയ്ക്കും ഒരുക്ക ക്ലാസുകള്‍ക്കുമുള്ള ചെലവ് അധിക ബാധ്യതയാകും. അംഗീകൃത കോളജിലും അംഗീകാരമില്ലാത്ത ചില കോഴ്‌സുകള്‍ ഉണ്ടാകാം. ചില കോളജുകളുടെ അംഗീകാരം പിന്നീടു നഷ്ടമായെന്നും വരാം. ഇതു സംബന്ധിച്ചു കോളജില്‍ നേരിട്ടു പോയി വ്യക്തത വരുത്താനാണു പലരോടും ആവശ്യപ്പെടുന്നത്.
അതിനിടെ, പ്രശ്‌നപരിഹാരത്തിനു സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് (ഇന്ത്യ) കുവൈത്ത് ചാപ്റ്റര്‍, കുവൈത്ത് സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്‌സ് ചെയര്‍മാനു കത്തയച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7