ഗ്രൗണ്ടിലെ പോരിന് പിന്നാലെ താരങ്ങള്‍ ഡ്രസിങ് റൂം അടിച്ചു തകര്‍ത്തു; കാരണം ഇതാണ്…. വീഡിയോ പുറത്ത്

കൊളംബോ: ത്രിരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ ശ്രീലങ്കയെ അട്ടിമറിച്ച് ബംഗ്ലദേശ് ടീം ഫൈനലിലെത്തിയതിനു പിന്നാലെ വന്‍ വിവാദത്തില്‍പെട്ടു. അവസാന ഓവര്‍വരെ ആവേശം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ശ്രീലങ്കയെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചത്. ആവേശക്കളിയില്‍ കളിക്കളത്തിനകത്തെയും പുറത്തെയും പെരുമാറ്റത്തിന്റെയും പേരിലാണ് ടീമിന് ചീത്തപ്പേരുണ്ടാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍, ഒരു പന്തും രണ്ടു വിക്കറ്റും ബാക്കിനില്‍ക്കെ ബംഗ്ലദേശ് ലക്ഷ്യത്തിലെത്തുകയായിരുന്നു. മല്‍സരം അവസാനത്തോട് അടുക്കുന്തോറും ആവേശം മുറുകിയതോടെ അത്ര രസകരമല്ലാത്ത രംഗങ്ങള്‍ക്കും വേദിയായി. അവസാന ഓവറില്‍ ബംഗ്ലദേശിന് വിജയത്തിലേക്ക് 12 റണ്‍സ് വേണ്ടിയിരിക്കെ ഉഡാന തുടര്‍ച്ചയായി രണ്ടു ബൗണ്‍സറുകളെറിഞ്ഞതാണ് ബംഗ്ലദേശിനെ ചൊടിപ്പിച്ചത്. രണ്ടാമത്തെ പന്ത് നോബോള്‍ വിളിക്കണമെന്ന ആവശ്യവുമായി മഹ്മൂദുല്ല അംപയര്‍മാരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ഇരുടീമിലെയും താരങ്ങള്‍ തമ്മിലും വാഗ്വാദമുണ്ടായി.

ഇതിനിടെ മല്‍സരം അവസാനിപ്പിച്ചു മടങ്ങാന്‍ ബംഗ്ലദേശ് നായകന്‍ ഷക്കിബ് അല്‍ ഹസന്‍ താരങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ബംഗ്ല ബാറ്റ്‌സ്മാന്‍മാര്‍ ഗ്രൗണ്ട് വിടാന്‍ ഒരുങ്ങിയെങ്കിലും പരിശീലകനും അംപയര്‍മാരും താരങ്ങളെ അനുനയിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ തിരിച്ചെത്തിയ മഹ്മൂദുല്ല ഒരു ബൗണ്ടറിയും സിക്‌സും നേടി ഒരു പന്തു ശേഷിക്കെ ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു.

ഗ്രൗണ്ടിലെ വാക്‌പോരും ഡ്രസിങ് റൂം തകര്‍ത്തതും സംഭവത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നു. ഡ്രസിങ് റൂം അടിച്ചുതകര്‍ത്ത താരത്തെ കണ്ടെത്താന്‍ മാച്ച് റഫറി ക്രിസ് ബ്രോഡ് ഗ്രൗണ്ട് സ്റ്റാഫിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിസിടിവി പരിശോധിച്ച് ‘പ്രതിയെ’ കണ്ടെത്താനാണ് നിര്‍ദേശം. മല്‍സരം ജയിച്ച ആവേശത്തില്‍ ബംഗ്ലദേശ് താരങ്ങളില്‍ ആരോ ചെയ്തതാണ് ഇതെന്നാണ് ആരോപണം. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ബംഗ്ലദേശ് ടീം നഷ്ടപരിഹാരം നല്‍കാമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം, മോശം പെരുമാറ്റത്തിന് ബംഗ്ലദേശ് ടീമിനെതിരെ ഐസിസി നടപടിക്കും സാധ്യതയുണ്ട്.

pathram:
Related Post
Leave a Comment