കോഴിക്കോട്: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ ശക്തമായി വിമര്‍ശിച്ച് താമരശ്ശേരി ബിഷപ്പ് മാര്‍.റെമിജിയോസ് ഇഞ്ചനാനിയേല്‍. സംസ്ഥാനത്തുണ്ടാകുന്ന മറ്റൊരു ഓഖി ദുരന്തമാണ് സര്‍ക്കാരിന്റെ മദ്യനയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുത്ത ജനത്തോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന മദ്യനയം. സിനിമാ താരങ്ങളെ ഉള്‍പ്പെടെ അണിനിരത്തി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളുടെ ലംഘനമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. മദ്യ വര്‍ജനം എന്ന പൊള്ളയായ വാഗ്ദാനം നല്‍കി ഒരു ജനതയെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മദ്യം പോലെയുള്ള സമൂഹിക തിന്മകള്‍ക്കെതിരേ പോരാടുന്ന സാമൂഹിക പ്രവര്‍ത്തകരുടെ വീര്യം തകര്‍ക്കുന്ന നടപടിയാണിത്. പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന വാഗ്ദാനങ്ങളോട് നീതി പുലര്‍ത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനില്ലേയെന്നും അദ്ദേഹം ചോദിച്ചു.
സര്‍ക്കാരിന് പണമില്ലെന്ന് കരുതി ഏത് രീതിയിലും പണമുണ്ടാക്കാന്‍ ശ്രമിക്കരുത്. പാവപ്പെട്ടവരുടെ പേര് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാര്‍ പാവങ്ങളെ ചൂഷണം ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇവിടെ മദ്യം ഒഴുക്കണമോ എന്ന് കാര്യത്തില്‍ ജനങ്ങളുടെ ഇഷ്ടമറിയാന്‍ ഒരു ഹിതപരിശോധനയ്ക്ക് സര്‍ക്കാരിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും മുറുക്കാന്‍ കടപോലെ മദ്യശാല തുടങ്ങാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ജോലിക്കെത്തുവരെ കൊള്ളയടിക്കുന്ന തീരുമാനമാണിത്. ഇതിന്റെ പരിണിത ഫലമായി സംസ്ഥാനത്ത് ഇനിയും മധുമാര്‍ ഉണ്ടാകുമെന്നും ബിഷപ്പ് ആശങ്ക പ്രകടിപ്പിച്ചു.
സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് സമൂഹത്തിന്റെ നാനാതുറയിലുള്ളവരെ പങ്കെടുപ്പിച്ച് സംസ്ഥാന വ്യാപകമായി ഏപ്രില്‍ രണ്ടിന് സഭ ശക്തമായ സമര പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പുതുക്കിയ മദ്യനയത്തിന്റെ ഫലം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ബിഷപ്പ് മുന്നറിയിപ്പ് നല്‍കി. മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍ സര്‍ക്കാരിനെതിരേ പ്രചരണത്തിനിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.