സ്വന്തം ലേഖകന്‍
കൊച്ചി: ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പെടാപ്പാട് പെടുമ്പോഴും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കുത്തനെ കൂട്ടിയ പിണറായി സര്‍ക്കാരിന്റെ നിലപാടില്‍ സിപിഎമ്മില്‍ അമര്‍ഷം. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഭൂരിഭാഗവും വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. പലരും സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി അമര്‍ഷം രേഖപ്പെടുത്തിക്കഴിഞ്ഞു. ചിലര്‍ പഴയ കമ്മ്യൂണിസ്റ്റ് നേതാവിന്റെ പ്രസ്താവനകള്‍ ഓര്‍മപ്പെടുത്തിക്കൊണ്ടാണ് പ്രതിഷേധം അറിയിക്കുന്നത്. അതില്‍ ശ്രദ്ധേയമായ ഒരു പോസ്റ്റില്‍ പണ്ട് ഇംഎംഎസ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ ശമ്പളം കുറച്ചതിനെകുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു. ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റുന്ന പോസ്റ്റ് ഇങ്ങനെ,…
‘നമ്മുടെ മന്ത്രിമാരുടെ ശമ്പളം 700
രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചിരിക്കുന്നൂ..
ഇത് ഞാന്‍ നിങ്ങളോട് ആലോചിക്കാതെടുത്ത തീരുമാനമാണ്..
കാരണം,നമ്മുടെ നാട്ടിലെ കര്‍ഷകരും,കര്‍ഷക തൊഴിലാളികളും ഏറെ ബുദ്ധിമുട്ടിലാണ്,നമുക്കത് കാണാതെ മുന്നോട്ടു പോകാനാവില്ല സഖാക്കളേ..
അതുകൊണ്ട് സഹകരിച്ചേ പറ്റൂ.. സഖാവ് ഇഎംഎസ്.’
കൂടാതെ സര്‍ക്കാരിനെതിരേ നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. ശമ്പളം കൂട്ടണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരം കണ്ടെന്നു നടിക്കാത്ത സര്‍ക്കാര്‍ മന്ത്രിമാരുടെ ശമ്പളം കൂട്ടാന്‍ തിരിക്കുകൂട്ടിയതുമായി ബന്ധപ്പെട്ടാണ് ട്രോളുകള്‍ ഏറെയും. സിപിഎം പ്രവര്‍ത്തകരില്‍നിന്നുതന്നെയാണ് കൂടുതല്‍ പ്രതിഷേധമുയരുന്നത് എന്നതാണ് ശ്രദ്ധേയം. കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം മുടങ്ങുന്നതില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സര്‍ക്കാരിന്റെ ഈ പുതിയ നീക്കം. അതുകൊണ്ടുതന്നെയാണ് പാര്‍ട്ടി അണികളില്‍നിന്നുതന്നെ അമര്‍ഷം ഉയരുന്നതും.
രണ്ടുദിവസം മുന്‍പാണ് എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം കുത്തനെ വര്‍ധിപ്പിക്കാനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കിയത്. മന്ത്രിമാരുടെ ശമ്പളം അമ്പതിനായിരത്തില്‍ നിന്ന് തൊണ്ണൂറായിരത്തി മുന്നൂറാക്കാനും എംഎല്‍എമാരുടെ ശമ്പളം അറുപത്തിരണ്ടായിരമാക്കാനുമാണ് നിര്‍ദേശം.
സാമാജികരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ ജയിംസ് കമ്മീഷനെ സ്പീക്കര്‍ നിയമിച്ചിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ശമ്പള പരിഷ്‌കരണ ബില്ലിന് രൂപം നല്കിയത്. ശമ്പളപരിഷ്‌കരണ ബില്‍ നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും.
ഫേസ്ബുക്കില്‍ കണ്ട മറ്റൊരു പോസ്റ്റ് ഇങ്ങനെ…
7 രൂപ ആയിരുന്ന ബസ്സുകൂലി 8 ആക്കാന്‍ ഒരാഴ്ച സമരം ചെയ്യേണ്ടി വന്നു.
39500 രൂപയുള്ള ശമ്പളം 70000 ആക്കാന്‍ ങഘഅ മാര്‍ക്ക് ഒരു നോട്ടീസ് പോലും കൊടുക്കേണ്ടി വന്നില്ല.മന്ത്രിമാര്‍ക്ക് 55012
രൂപയില്‍ നിന്നും 90000 രൂപയാക്കാന്‍ തോമസ് ഐസകിനോട് കരയേണ്ടിയും വന്നില്ല. പാവപ്പെട്ട കെസ്ആര്‍ടിസി ജീവനക്കാരായിരുന്നവര്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ ലോണെടുക്കാന്‍ ഓടി നടക്കുന്ന മന്ത്രിമാരുള്ള ഭരണകൂടത്തില്‍ നിന്നും ആണ് ഈ നടപടികള്‍ ഉണ്ടാകുന്നത്.
ദയവു ചെയ്ത് ചെലവുചുരുക്കല്‍ എന്ന നാടക ഡയലോഗുകള്‍ ആവര്‍ത്തിച്ച് പൊതുജനത്തെ വിഢികളാക്കരുത് എന്ന് അപേക്ഷിക്കുന്നു. കാരണം അരിയാഹാരം കഴിക്കുന്നവര്‍ ജീവിക്കുന്ന നാടാണിത്.