ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി,യോഗിയുടെ തട്ടകവും കൈവിട്ടു

പാറ്റ്ന: ഉത്തര്‍പ്രദേശ്,ബീഹാര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഫുല്‍പൂര്‍ ലോക്സഭാ മണ്ഡലത്തിലും ബിജെപിയെ പിന്നിലാക്കി സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുകയാണ്. ബീഹാറിലെ അരാറിയ ലോക്സഭ മണ്ഡലത്തിലും സ്ഥിതി വ്യത്യസ്തമല്ല. സിറ്റിങ് സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തളളി ആര്‍ജെഡി സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്യുന്നത്.

അതേസമയം ബീഹാറിലെ രണ്ട് നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയും ആര്‍ജെഡിയും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി. ജഹാനാബാദില്‍ ആര്‍ജെഡിയും ഭാബുവയില്‍ ബിജെപിയുമാണ് വിജയിച്ചത്. ആര്‍ജെഡിയുടെ കുമാര്‍ കൃഷ്ണമോഹന്‍ യാദവും, ബിജെപിയുടെ റിങ്കി റാണി പാണ്ഡെയുമാണ് വിജയിച്ചത്.

ഫുല്‍പൂരില്‍ എസ്പി സ്ഥാനാര്‍ത്ഥി നാഗേന്ദ്ര പ്രതാപ് സിംഗ് പട്ടേല്‍ ബിജെപിയുടെ കൗശലേന്ദ്രസിംഗ് പട്ടേലിനേക്കാള്‍ 47,000 ലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്.യുപി മുഖ്യമന്ത്രിയുടെ മണ്ഡലമായ ഗോരഖ്പൂരിലും ബിജെപി വളരെ പിന്നിലാണ്. എസ്പിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് ബിജെപിയുടെ ഉപേന്ദ്രദത്ത് ശുക്ലയേക്കാള്‍ 26,000 ലേറെ വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുകയാണ്. ആദ്യറൗണ്ടുകളിലെ ബിജെപി മുന്നേറ്റം തകര്‍ത്താണ് ഗോരഖ്പൂരില്‍ എസ് പി സ്ഥാനാര്‍ത്ഥി ലീഡ് നേടിയത്.

Similar Articles

Comments

Advertismentspot_img

Most Popular