കൊച്ചി: പൊലീസിനെ കുഴപ്പിച്ച കുമ്പളത്തെ വീപ്പ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. കൊലപാതകത്തിന് പിന്നില്‍ തൃപ്പൂണിത്തുറ സ്വദേശി സജിത്ത് ആണെന്ന് പൊലീസ് നിഗമനം. ജഡം കണ്ടെത്തിയതിന് പിന്നാലെ സജിത്തിനെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
സജിത്തും ശകുന്തളയുടെ മകളും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായി പോലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈ അടുപ്പം ശകുന്തള ചോദ്യം ചെയ്താണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറയുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സജിത്ത് ജീവനൊടുക്കുകയായിരുന്നോ അതോ ഇയാളുടെ മരണത്തിന് പിന്നിലും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ച് വരുകയാണ്.
കൊലപ്പെട്ട ശകുന്തളയുടെ മകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. സജിത്തിന്റെ മരണത്തെക്കുറിച്ചും പൊലീസ് അന്വേഷിച്ചു വരുകയാണ്. സജിത്തിനെ സഹായിച്ചവരെയും പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. വീപ്പയ്ക്കുള്ളില്‍ ജഡമായിരുന്നുവെന്ന് അറിയില്ലെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കി.
കുമ്പളത്ത് വീപ്പക്കുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം ഉദയംപേരൂര്‍ സ്വദേശിനി കെ.എസ്.ശകുന്തളയുടേതാണെന്ന് പൊലീസ് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്.
ശകുന്തളയുടെ അസ്ഥികൂടം വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയതിനു പിറ്റേദിവസമാണ് സജിത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. 2016 സെപ്റ്റംബറിലാണ് ശകുന്തളയെ കാണാതായത്.
കഴിഞ്ഞ ജനുവരി ഏഴിനാണു കുമ്പളത്തിനടുത്ത് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്. കാലുകള്‍ കൂട്ടിക്കെട്ടി തലകീഴായി ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം. പരിശോധനയില്‍ മൃതദേഹം സ്ത്രീയുടേതാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും ആരാണെന്ന് വ്യക്തമായിരുന്നില്ല. അസ്ഥികൂടത്തിന്റെ കാലില്‍നിന്ന് കിട്ടിയ പിരിയാണിയെ പിന്തുടര്‍ന്നു നടത്തിയ അന്വേഷണമാണു ശകുന്തളയിലെത്തിയത്.
ഓപ്പറേഷനിലൂടെ ഘടിപ്പിച്ച പിരിയാണി വിതരണം ചെയ്യുന്ന കമ്പനികളിലൂടെയും ഇവര്‍ ഇതു വിതരണംചെയ്ത ആശുപത്രികളും സംബന്ധിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ശകുന്തളയിലെത്തുകയായിരുന്നു. തുടര്‍ന്ന് ശകുന്തളയുടെ മകളുടെ ഡിഎന്‍എ എടുത്ത് പരിശോധനയ്ക്ക് അയച്ചു. ഇത് ഒത്തു ചേരുന്നതായി കണ്ടെത്തി. വീപ്പയ്ക്കുള്ളില്‍നിന്ന് 500 രൂപ നോട്ടുകളും കണ്ടെത്തിയിരുന്നു.