ന്യൂഡല്‍ഹി: അയോധ്യയിലെ തര്‍ക്ക ഭൂമി സംബന്ധിച്ച കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് ഉച്ചക്ക് രണ്ട് മണിക്കാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ അന്തിമ വാദം ആരംഭിക്കേണ്ട തീയതി ഇന്ന് കോടതി തീരുമാനിച്ചേക്കും.
അയോധ്യയിലെ 2.27 ഏക്കര്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിംങ്ങള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് 2010 സെപ്റ്റംബര്‍ 30നു വിധിച്ചിരുന്നു. മൂന്നംഗ ബെഞ്ചിന്റെതായിരുന്നു വിധി. വിധിക്കെതിരെ നിര്‍മോഹി അഖാഡ, ഹിന്ദു മഹാസഭ, ജമിയത്തുല്‍ ഉലമ ഹിന്ദ്, സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് തുടങ്ങിവയുടേതും ഹാഷിം അന്‍സാരിയെന്ന വ്യക്തിയുടേതുമുള്‍പ്പെടെ 13 ഹര്‍ജികളാണ് സുപ്രീം കോടതിയിലുള്ളത്. ഹാഷിം അന്‍സാരി മരിച്ചതിനാല്‍ മകന്‍ ഇക്ബാല്‍ അന്‍സാരിയാണ് ഇപ്പോള്‍ കക്ഷി.
തികച്ചും ഭൂമിതര്‍ക്കം മാത്രമായാവും അയോധ്യയിലെ ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസ് പരിഗണിക്കുകയെന്നു സുപ്രിം കോടതി നേരത്തെ വ്യക്തമാക്കിയിരിന്നു. കേസുമായി ബന്ധപ്പെട്ട രാമായണം, രാമചരിതമാനസം, ഭഗവത്ഗീത ഉള്‍പ്പടെ മൊത്തം 524 രേഖകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞ തവണ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി പരിഗണിച്ചതും പ്രാദേശിക ഭാഷകളിലുള്ളതുമായ ചില രേഖകളുടെ പരിഭാഷ പൂര്‍ത്തിയാകാത്തത് കാരണമായിരുന്നു വാദം കേള്‍ക്കല്‍ ആരംഭിക്കാതിരുന്നത്. എല്ലാ രേഖകളുടെയും പരിഭാഷ പൂര്‍ത്തിയായതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചേക്കും.