ദിലീപ് മലയാളത്തിലെ മികച്ച നടന്‍; സിനിമയെ മനസിലാകാത്തവരോട് ഒന്നും പറയാനില്ല; പലര്‍ക്കും സിനിമ എന്താണെന്നു പോലും അറിയില്ലെന്നും അടൂര്‍

കൊച്ചി : മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാള്‍ ദിലീപാണെന്നും തന്റെ സിനിമയെ കുറിച്ച് ഒന്നും മനസിലാകാത്തവരോട് തനിക്ക് ഒന്നും പറയാനില്ലെന്നും ദേശീയ അവാര്‍ഡ് ജേതാവ് അടൂര്‍ ഗോപാലകൃഷ്ണന്‍. ‘പിന്നെയും’ ആണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ. സിനിമ എന്താണെന്ന് മനസിലാകണമെങ്കില്‍ ലോക സിനിമകള്‍ കാണണമെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു. കൃതി സാഹിത്യവിജ്ഞാനോത്സവത്തിലാണ് അടൂരിന്റെ പ്രതികരണം.
തന്റെ സിനിമകള്‍ എല്ലാക്കാലത്തും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. സ്വയംവരം റിലീസ് ചെയ്യുന്ന സമയത്ത് ആരും അത് അംഗീകരിച്ചിരുന്നില്ല. മുഖാമുഖം എന്ന സിനിമ കമ്മ്യൂണിസത്തിന് എതിരാണെന്ന പ്രചരണവും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളുകളില്‍ തിരക്കഥയെഴുതാനും സിനിമ നിര്‍മിക്കാനും സംവിധാനം പഠിപ്പിക്കാനും ശ്രമിയ്‌ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ വായനയിലേയ്ക്ക് നയിക്കാനും കലകളേയും കലാകാരന്മാരേയും മനസ്സിലാക്കാനുമുള്ള പരിശീലനമാണ് നല്‍കേണ്ടത്. തിരക്കഥ എന്നത് എഴുതി പഠിപ്പിക്കേണ്ട ഒന്നാണെന്ന് കരുതുന്നില്ല. ഒരു സംവിധായകന് തന്റെ ചിത്രം നിര്‍മിക്കാനുള്ള മാര്‍ഗനിര്‍ദേശം നല്‍കുക എന്നതു മാത്രമാണ് തിരക്കഥയ്ക്കുള്ള സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
‘തിരക്കഥയില്‍ നിന്നും ഒരുപാട് വളര്‍ച്ച സിനിമയ്ക്കുണ്ട്. എന്റെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള തിരക്കഥകളെല്ലാം പൂര്‍ത്തിയായ സിനിമകളെ അവലംബിച്ചു മാത്രമാണ്. ചിത്രീകരണത്തിനു മുമ്പുള്ള തിരക്കഥാരൂപം വേറെയായിരിക്കും. നാടകം എഴുതുകയോ അഭിനയിക്കുകയോ കഥയോ നോവലോ കവിതയോ എഴുതുകയോ ചെയ്യാത്തവര്‍ക്ക് സിനിമയില്‍ ഒന്നും ചെയ്യാനില്ലെന്നാണ് ഞാന്‍ കരുതുന്നത്.– അടൂര്‍ പറഞ്ഞു.
ഇനി സിനിമ സംവിധാനം ചെയ്യുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ഒരു ചോദ്യത്തിനുത്തരമായി അടൂര്‍ പറഞ്ഞു. ഒരു സിനിമ കഴിഞ്ഞാല്‍ അടുത്ത സിനിമക്കു മുമ്പ് ഒരു ബ്ലാങ്ക് അവസ്ഥയുണ്ടാകും. അത് ഓരോ സിനിമയ്ക്കും ശേഷവും ഉണ്ടായിട്ടുണ്ട്. സിനിമ മനസ്സിലാക്കണെമെങ്കില്‍ ലോകസിനിമകള്‍ കാണണം, ഒരു സിനിമാസംസ്‌കാരം ഉണ്ടാകണം. വിമര്‍ശിക്കുന്നവരില്‍ പലരും സിനിമ എന്താണെന്ന് അറിയാത്തവരാണ്. മലയാള സിനിമ വളരെ ആശങ്കപ്പെടുത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ആ അവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടുണ്ട്. പുതിയ സംവിധായകര്‍ പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ബാഹുബലി പോലുള്ള അന്യഭാഷാചിത്രങ്ങള്‍ വന്‍തോതിലുള്ള പരസ്യത്തിലൂടെയും പെയ്ഡ് ന്യൂസുകളിലൂടെയും കേരളത്തില്‍ നിന്ന് പണം കൊണ്ടുപോവുകയാണെന്നും അടൂര്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7