തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത നിര്‍മിക്കുന്ന കാര്യത്തില്‍ ജയിംസ് മാത്യു എംഎല്‍എ കണ്ടംവഴി ഓടുകയാണെന്നു വയല്‍ക്കിളി കൂട്ടായ്മ. വയല്‍ നികത്തി ദേശീയപാത നിര്‍മിക്കാന്‍ 55 കര്‍ഷകര്‍ സമ്മതപത്രം നല്‍കിയെന്നത് ശരിയല്ലെന്നും കൂട്ടായ്മ പറഞ്ഞു.
ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നല്‍കിയ പരാതിയില്‍ തീരുമാനമെടുക്കുന്നതിനു പകരം സമ്മതപത്രം വാങ്ങുവാന്‍ നടക്കുന്ന എംഎല്‍എയും കൂട്ടരും കണ്ടംവഴി ഓടുകയാണ്. ഇവര്‍ കരയിലേക്കു വരികയാണു വേണ്ടത്. വയല്‍ നികത്തി റോഡ് നിര്‍മിക്കുന്നതിനു പിന്നില്‍ വന്‍ അഴിമതിക്കാണു കളമൊരുങ്ങുന്നത്. വയല്‍ക്കിളി സമരം ഊതിവീര്‍പ്പിച്ച സമരമാണെന്നതു പി.ജയരാജന്റെ വ്യക്തിപരമായ അഭിപ്രായമാണ്.
വയല്‍ നികത്തുന്നതിനെതിരെ 45 പേര്‍ ഡപ്യൂട്ടി കലക്ടര്‍ക്കു നല്‍കിയ പരാതി ഇപ്പോഴും നിലവിലുണ്ട്. ഇതില്‍ മൂന്നുപേര്‍ മാത്രമാണു സമ്മതപത്രത്തില്‍ ഒപ്പിട്ടു നല്‍കിയത്. ഇവരെ ഭീഷണിപ്പെടുത്തി മാറ്റിയതാണ്. ഇതില്‍ രണ്ടുപേര്‍ തിരിച്ചുവരാന്‍ തയാറാണ്. ഭൂമി ഏറ്റെടുക്കുന്നതില്‍ ആക്ഷേപമുള്ളവര്‍ അറിയിക്കാനാണു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. അല്ലാതെ സമ്മതപത്രം നല്‍കാനല്ലെന്നും വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ ചൂണ്ടിക്കാട്ടി.