നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതിയെന്ന നിലയിലുള്ള അവകാശങ്ങള്‍ പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ വേണമെന്ന ഹര്‍ജിയും ദിലീപ് നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ വിചാരണ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. ഇരുഹര്‍ജികളും നാളെ ഹൈക്കോടതി പരിഗണിക്കും. ഈ മാസം 14 നു കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് പുതിയ ഹര്‍ജിയെന്നത് ശ്രദ്ധേയമാണ്.

പ്രതിയെന്ന നിലയില്‍ ആവശ്യമായ രേഖകളില്‍ പലതും ലഭിച്ചിട്ടില്ലെന്നും പുതിയ ഹര്‍ജിയില്‍ പറയുന്നുണ്ട്. നേരെത്ത ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

നടന്‍ ദിലീപടക്കം പന്ത്രണ്ടു പേരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇയാളുടെ സഹായി ഡ്രൈവര്‍ മാര്‍ട്ടിനും ജയിലിലാണ്. കേസില്‍ എട്ടാം പ്രതിയായ ദിലീപിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഓടുന്ന വാഹനത്തിനുള്ളില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഒന്നാം പ്രതി സുനി അടക്കം ഏഴു പേര്‍ക്കെതിരേയാണ് പോലീസ് ആദ്യ കുറ്റപത്രം നല്‍കിയിരുന്നത്. പിന്നീട് ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ദിലീപ് അടക്കമുള്ള മറ്റു പ്രതികള്‍ക്കെതിരേ അനുബന്ധ കുറ്റപത്രം നല്‍കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7