ദുബൈ: സമ്മാനമായി ഉമ്മ നല്‍കിയ സൂപ്പര്‍വൈസര്‍ക്കെതിരെ പരാതിയുമാതി സഹപ്രവര്‍ത്തകയായ 24കാരി. സംഭവത്തില്‍ ഫിലിപ്പൈന്‍ സ്വദേശിയായ യുവാവിനെതിരെ കേസെടുത്തു. കേസിന്റെ വിചാരണ ഉടന്‍ ആരംഭിക്കും. യുവതിയുടെ പരാതിയെ തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്നാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്.
2017 ഡിസംബര്‍ 31ന് ആണ് പരാതിയ്ക്ക് ആസ്പദമായ സംഭവം. ജോലിസംബന്ധമായ ആവശ്യത്തിന് ഒരു ഇടപാടുകാരനെ കാണാന്‍ സൂപ്പര്‍വൈസര്‍ക്കൊപ്പം അല്‍ റാഷിദിയ മെട്രോ സ്റ്റേഷനില്‍ പോയപ്പോഴാണു യുവാവ് അപമര്യാദയോടെ പെരുമാറിയതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
ഇടപാടുകാരനുമായി സൂപ്പര്‍വൈസറായ യുവാവ് സംസാരിച്ചുനിന്നപ്പോള്‍ യുവതി മാറി നില്‍ക്കുകയായിരുന്നു. പിന്നീട് ഇടപാടുകാരന്‍ പോയ ശേഷം തിരികെ സൂപ്പര്‍വൈസറുടെ അടുത്തെത്തിയപ്പോള്‍ യുവതിക്കൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ടെന്നും സര്‍പ്രൈസിനായി കണ്ണുകള്‍ അടയ്ക്കാനും ആവശ്യപ്പെട്ടു. അപ്പോള്‍ കയ്യില്‍ മുടി കെട്ടുന്ന ഒരു ക്ലിപ്പ് തന്നു. സമ്മാനം നല്‍കിയതിന് യുവതി നന്ദി പറയുകയും ചെയ്തതായി പരാതിയില്‍ പറയുന്നുണ്ട്.
പിന്നീടാണ് ഇനിയും ഒരു സമ്മാനം ഉണ്ടെന്ന് പറഞ്ഞ് സൂപ്പര്‍വൈസര്‍ അടുത്തേക്ക് വന്ന് പെട്ടെന്ന് മുഖത്ത് ഉമ്മ വച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. ഞെട്ടിപ്പോയ താന്‍ ഉടന്‍ അയാളുടെ മുഖത്തടിച്ചു അവിടെ നിന്നോടിപ്പോകുകയായിരുന്നുവെന്നും പരാതി വ്യക്തമാക്കുന്നു.
അതേസമയം, സ്നേഹം കൊണ്ടാണ് താന്‍ അങ്ങനെ പ്രവര്‍ത്തിച്ചതെന്നു പറഞ്ഞെങ്കിലും യുവതി അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും താന്‍ മാപ്പ് പറഞ്ഞതായും യുവാവ് പൊലീസിനോട് പറഞ്ഞു.