ന്യൂഡല്‍ഹി: ഹാദിയ മതം മാറിയത് സലഫി പ്രചാരകരുടെ സ്വാധീനത്തില്‍പ്പെട്ടാണെന്ന് എന്‍.ഐ.എ. പഠനത്തില്‍ പ്രശ്നങ്ങള്‍ നേരിട്ട കാലത്തായിരുന്നു ഇതെന്നും ഇസ്ലാമിക പഠനത്തിനായി ഹാദിയയെ യെമനിലേക്ക് കൊണ്ടുപോകാന്‍ പദ്ധതിയുണ്ടായിരുന്നതായി മൊഴികളുണ്ടെന്നും എന്‍.ഐ.എ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണപുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നു.
സലഫി പ്രചാരകരുടെ സ്വാധീനത്തില്‍പ്പെട്ടതിന് പിന്നാലെയാണ് ഹാദിയ ഷെഫിന്‍ ജഹാനെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടതെന്നും എന്‍.ഐ.എ പറയുന്നു.
അതേസമയം ഐ.എസില്‍ ചേരാനായി ഹാദിയ സിറിയയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നു എന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ പറയുന്നു.
സലഫി പ്രചാരകരായ ഷിറന്‍ ഷഹാനയും ഫസല്‍ മുസ്തഫയുമാണ് ഹാദിയയെ മതംമാറ്റിയത്. ഇവര്‍ രണ്ടുപേരും ഇപ്പോള്‍ യെമനില്‍ ആണെന്നാണ് അറിയുന്നത്. ഐ.എസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ മന്‍സീദ് മുഹമ്മദ്, സഫ്വാന്‍ എന്നിവരുമായി ഷെഫിന്‍ ജഹാന്‍ ഓണ്‍ലൈനില്‍ ബന്ധപ്പെട്ടു എന്നതിന് തെളിവുകളുണ്ട്.