കണ്ണൂര്‍: ബി.ജെ.പിയിലേക്ക് ക്ഷണിച്ച് ദൂതന്മാര്‍ സമീപിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി കെ സുധാകരന്‍ രംഗത്ത്. രണ്ടു തവണയാണ് തന്നെ അവര്‍ കണ്ടിരുന്നതെന്നും ഉന്നത നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കായിരുന്നു ക്ഷണനവുമെന്നും സുധാകരന്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രാജ്യത്തെ കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പി സ്വന്തം കൂടാരത്തിലെത്തിക്കാന്‍ ശ്രമം നടക്കുന്നെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് തന്നെയും ബി.ജെ.പി നേതാക്കള്‍ സമീപിച്ചിരുന്നെന്ന് സുരേന്ദ്രന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ‘രണ്ട് തവണ ദൂതന്മാര്‍ തന്നെ വന്നു കണ്ടിരുന്നു. അമിത് ഷായുമായും ചെന്നൈയിലെ രാജയുമായും കൂടിക്കാഴ്ചക്കായിരുന്നു ക്ഷണം. എന്നാല്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതോടെ പിന്നീടവര്‍ സമീപിച്ചിട്ടില്ല. കോണ്‍ഗ്രസ് വിട്ടാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കും’ സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം കുറച്ചുകൂടി ശക്തമാക്കേണ്ടതുണ്ടെന്നും സംഘടനാ രീതികളില്‍ സമഗ്രമായ അഴിച്ചുപണി വേണമെന്നും അഭിപ്രായപ്പെട്ട സുധാകരന്‍ വിധേയത്വമുള്ളവരെ മുകളിലേക്ക് വിടുന്ന രീതിയാണ് കോണ്‍ഗ്രസിന്റെ ശാപമെന്നും കുറ്റപ്പെടുത്തി.