നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വേതനം നല്‍കാനാവില്ല; നഴ്സുമാരുടെ ശമ്പള കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ആശുപത്രി മാനേജ്മെന്റുകള്‍

കൊച്ചി: നഴ്സുമാരുടെ ശമ്പള കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ആശുപത്രി മാനേജ്മെന്റുകള്‍. മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തില്‍ മിനിമം വേതനം നല്‍കാനാവില്ല. സര്‍ക്കാര്‍ നിലപാടിനെതിരെ കോടതിയെ സമീപിക്കുമെന്ന് ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പ്രഖ്യാപിച്ച അടിസ്ഥാന ശമ്പളം സ്വീകാര്യമല്ലെന്നും മാനേജ്മെന്റ് അസോസിയേഷന്‍ അറിയിച്ചു.

നേരത്തെ, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചിരുന്നു. നഴ്സുമാരുടെ പ്രശ്നത്തില്‍ ഈ 31നകം ഉണ്ടാകുമെന്ന ഉറപ്പിലാണ് സമരം പിന്‍വലിക്കുന്നതെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ അറിയിച്ചു. സര്‍ക്കാര്‍ മുമ്പ് ഉറപ്പ് നല്‍കിയ ശമ്പള പരിഷ്‌കരണ ഉത്തരവ് ഈ മാസം 31ന് മുമ്പ് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നഴ്സുമാര്‍ സമരത്തില്‍ നിന്ന് പിന്മാറാന്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

നഴ്സുമാര്‍ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രശ്ന പരിഹാരത്തിനായി യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഭാരവാഹികളുമായി പിണറായി വിജയന്‍ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഇവരുമായി മുഖ്യമന്ത്രി നാളെ കൂടിക്കാഴ്ച നടത്തും.

സമരം ഒത്തുതീര്‍പ്പാക്കാന്‍ ശനിയാഴ്ച ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. മാനേജ്മെന്റ് പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് എത്താതിരുന്നതിനെ തുടര്‍ന്നാണ് പരാജയപ്പെട്ടത്. ഏകദേശം 62,000 നേഴ്സുമാരാണ് ചൊവ്വാഴ്ച നടക്കാനിരുന്ന സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular