മുഖ്യമന്ത്രി പിണറായി വിജയന് ഫോണിലൂടെ വധഭീഷണി!!! സുരക്ഷ കര്‍ശനമാക്കി, ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫോണിലേക്കാണ് ശനിയാഴ്ച ഉച്ചയോടെ ഭീഷണി സന്ദേശം എത്തിയത്. മുഖ്യമന്ത്രിയെ ഒരു ദിവസത്തിനകം വധിക്കുമെന്നായിരിന്നു സന്ദേശം. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭീഷണിപ്പെടുത്തിയയാളെ പോലീസ് ചോദ്യം ചെയ്തുവരുന്നതായാണ് സൂചന. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.

ഭീഷണി കോള്‍ വന്നയുടന്‍ തന്നെ പി.ജയരാജന്‍ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനെയും അറിയിച്ചു. തുടര്‍ന്ന് അടിയന്തര അന്വേഷണത്തിന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു.

വിളിയെത്തിയത് കണ്ണൂരില്‍ നിന്നാണെന്ന് പൊലീസ് ഹൈടെക് സെല്ലിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇയാളെ ശനിയാഴ്ചതന്നെ പിടികൂടിയെന്നാണ് വിവരം. സന്ദേശമെത്തുമ്പോള്‍ മുഖ്യമന്ത്രി ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഉടന്‍ തമിഴ്നാട് ക്യൂബ്രാഞ്ച് പൊലീസ് ആശുപത്രിയില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി.

ശനിയാഴ്ചതന്നെ തിരുവനന്തപുരം എ.കെ.ജി. സെന്ററിനും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിനും സുരക്ഷ കര്‍ശനമാക്കി. ഞായറാഴ്ച രാവിലെയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7