വിസ ഇടപാടുകള്‍ക്ക് പുതിയ സൗകര്യങ്ങള്‍ വരുന്നു

ദുബൈ: വിസ ഇടപാടുകള്‍ ഒരു കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ എമിറേറ്റില്‍ അമര്‍ സെന്ററുകള്‍ തുറക്കുമെന്ന് താമസ കുടിയേറ്റ വകുപ്പ്. ഈ വര്‍ഷം അവസാനത്തോടെ അമര്‍ സെന്ററുകളുടെ എണ്ണം എഴുപതാകും. ഈ വര്‍ഷം ആദ്യ രണ്ട് മാസങ്ങളിലായി 21 അമര്‍ സെന്ററുകളാണ് ജിഡിആര്‍എഫ്എ ആരംഭിച്ചത്. ഈ വര്‍ഷം രണ്ടാം പാദത്തോടെ 19 സ്മാര്‍ട്ട് അമര്‍ സെന്റുകള്‍ കൂടി ആരംഭിക്കാനാണ് പദ്ധതി എന്ന് താമസകുടിയേറ്റ വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി വ്യക്തമാക്കി.
ഓരോ അമര്‍ സെന്ററുകളിലും 15 സ്വദേശികള്‍ക്ക് വീതം തൊഴില്‍ ലഭിക്കും. മൊത്തം അമര്‍ സെന്ററുകളിലായി ആയിരത്തോളം സ്വദേശികള്‍ക്കാണ് തൊഴില്‍ ലഭിക്കുക. ഏറ്റവും വേഗത്തിലും ഉയര്‍ന്ന നിലവാരത്തിലുമുള്ള സേവനങ്ങളാണ് അമര്‍ സെന്ററുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്ന് അല്‍മറി പറഞ്ഞു. ഈ വര്‍ഷം ആദ്യ രണ്ട മാസങ്ങളിലായി 91453 ഇടപാടുകളാണ് നടത്തിയത്. ഫെബ്രുവരിയില്‍ മാത്രം അന്‍പതിനായിരത്തിലധികം ഇടപാടുകളാണ് അമര്‍ സെന്ററുകളില്‍ നടത്തിയത്.
നേരത്തെ ടൈപ്പിംഗ് സെന്ററുകളില്‍ നടത്തിയിരുന്ന വിസ സംബന്ധമായ ഇടപാടുകളാണ് അമര്‍ സെന്ററുകളില്‍ ലഭിക്കുക. എന്‍ട്രി പെര്‍മിറ്റുകള്‍ അനുവദിക്കുക, താമസ വിസ പുതുക്കി നല്‍കുക, താമസ വിസ റദ്ദാക്കുക എമിറേറ്റ്‌സ് ഐഡി സംബന്ധമായ സേവനങ്ങള്‍ തുടങ്ങിയവയാണ് അമര്‍ സെന്ററുകളില്‍ ലഭിക്കുക. കഴിഞ്ഞ നവംബര്‍ ഒന്ന് മുതലാണ് വിസ ഇടപാടുകള്‍ പൂര്‍ണ്ണമായും ടൈപ്പിംഗ് സെന്ററുകളില്‍ നിന്നും അമര്‍ സെന്ററുകളിലേക്ക് മാറ്റിയത്. ടൈപ്പിംഗ് സെന്ററുകള്‍ തുടര്‍ച്ചയായി ക്രമക്കേടുകള്‍ വരുത്തിയപ്പോഴാണ് വിസ ഇടപാടുകള്‍ പൂര്‍ണ്ണമായും അമര്‍ സെന്ററുകളിലേക്ക് മാറ്റിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7