ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെ മരണം സിനിമാലോകത്തിന് ഇനിയും വിശ്വസിക്കാനായിട്ടില്ല. മരിക്കുന്നതിന് തൊട്ടുമുമ്പും ജീവിതം ആഘോഷമാക്കിയാണ് ശ്രീദേവി മടങ്ങിയത്. അനന്തിരവന്‍ മോഹിത് മര്‍വയുടെ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കവേയാണ് ശ്രീദേവി ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീഴുന്നതും മരിക്കുന്നതും. ശ്രീദേവി അവസാനമായി പങ്കെടുത്ത ആ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. വിവാഹാഘോഷത്തിന്റെ ചിത്രങ്ങള്‍ ശ്രീദേവി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതും.
റാസല്‍ഖൈമയില്‍ നടന്ന വിവാഹ സല്‍ക്കാര ചടങ്ങില്‍ നിന്നും രാത്രിയായതോടെ ബന്ധുക്കളില്‍ പലരും പിരിഞ്ഞു പോയിരുന്നു. പലരും ഇന്ത്യയിലേക്കും തിരിച്ചു. എന്നാല്‍ ശ്രീദേവിയും ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും ബന്ധുക്കളുമായി സന്തോഷം പങ്കിട്ട് അവിടെ തന്നെ നിലയുറപ്പിക്കുകയായിരുന്നു.
റാസല്‍ഖൈമയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം എംബാം ചെയ്ത് ഇന്ന് ഉച്ചയോടെ മുംബൈയിലെത്തിക്കും. പ്രത്യേക വിമാനത്തിലാണ് താരത്തിന്റെ മൃതദേഹം മുംബൈയിലേക്ക് കൊണ്ടു വരിക. ബാന്ദ്രയിലും അന്ധേരിയിലും ഇവര്‍ക്ക് വീടുകളുണ്ട്. ഇവിടേക്ക് രാവിലെയോടെ ആരാധകര്‍ ഒഴുകി എത്തിക്കൊണ്ടിരിക്കുകയാണ്.
അന്ധേരിയിലെ വീട്ടിലായിരുന്നു ശ്രീദേവിയും കുടുംബവും കഴിഞ്ഞ കുറച്ച് നാളുകളായി താമസിച്ചിരുന്നത്. ഇവിടേക്കാവും മൃതദേഹം കൊണ്ടു വരിക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
1963 ഓഗസ്റ്റ് 13ന് തമിഴ്‌നാട്ടിലെ ശിവകാശിയിലായിരുന്നു ശ്രീദേവിയുടെ ജനനം. പിതാവ് അയ്യപ്പന്‍ അഭിഭാഷകനായിരുന്നു. രാജേശ്വരിയാണ് അമ്മ. തുണൈവന്‍ എന്ന ചിത്രത്തിലൂടെ നാലാം വയസില്‍ ബാലതാരമായി ശ്രീദേവി സിനിമയിലെത്തി.”പൂമ്പാറ്റ”എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി മലയാളത്തിലെത്തുന്നത്. ഈ ചിത്രത്തില്‍ മികച്ച ബാലതാരത്തിനുളള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടി.
1976ല്‍ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത ”മൂണ്ട്ര് മുടിച്ച്” എന്ന ചിത്രത്തില്‍ കമല്‍ഹാസനും രജനീകാന്തുമൊത്ത് നായികയായി അരങ്ങേറി.തമിഴ്,തെലുങ്ക്,കന്നട,ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രത്തില്‍ അഭിനയിച്ച് താരറാണിയായി.ബോളിവുഡിലെ ആദ്യത്തെ വനിതാ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു ശ്രീദേവി.
2013ല്‍ രാജ്യം ശ്രീദേവിയെ പദ്മശ്രീ നല്‍കി ആദരിച്ചു. 1981ല്‍ മൂന്നാംപിറയിലെ അഭിനയത്തിന് മികച്ച നടിക്കുളള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. 2017ല്‍ പുറത്തിറങ്ങിയ മോം ആണ് അവസാന ചിത്രം. മക്കളിലൊരാളായ ജാഹ്നവി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്. അതുകാണാനുള്ള ഭാഗ്യം ശ്രീദേവിയ്ക്ക് ഉണ്ടായില്ല.