കേപ് ടൗണ്‍: ന്യൂലാന്‍ഡ്‌സില്‍ നടന്ന മൂന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ഏഴ് റണ്‍സിന് ആതിഥേയരെ തോല്പിച്ച് തുടര്‍ച്ചയായ പരമ്പര കൈക്കലാക്കി(2-1). നേരത്തെ ഇന്ത്യ ഏകദിന പരമ്പര(5-1) നേടിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഇന്ത്യയുടെ അവസാന മത്സരമായിരുന്നു ഇത്. ടെസ്റ്റ് പരമ്പരയില്‍ 12ന് തോറ്റ ഇന്ത്യ പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ വ്യക്തമായ ആധിപത്യത്തോടെ ഏകദിന, ടി20 പരമ്പരകള്‍ തങ്ങളുടേതാക്കി.
ഇന്ത്യ ഉയര്‍ത്തിയ 173 റണ്‍സ് ലക്ഷ്യം ഒരു ഘട്ടത്തില്‍ അപ്രാപ്യമമെന്ന് തോന്നിച്ചെങ്കിലും ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അരങ്ങേറ്റക്കാരന്‍ ക്രിസ്റ്റ്യന്‍ യോങ്കറും(24 പന്തില്‍ 49) ബെഹാര്‍ഡിയനും(6 പന്തില്‍ 15*) ചേര്‍ന്ന് ആതിഥേയരെ അട്ടിമറി വിജയത്തിന്റെ വക്കിലെത്തിച്ചു. ഭുവനേശ്വര്‍ എറിഞ്ഞ അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കക്ക് 19 റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍, 12 ഓവര്‍ മാത്രം വിട്ടുകൊടുത്ത എറിഞ്ഞ ഭുവനേശ്വര്‍ കൈവിടാതെ ടീമിനെ രക്ഷിച്ചു.
മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച സുരേഷ് റെയ്‌നയാണ് (43 റണ്‍സ്, 1 വിക്കറ്റ്) കളിയിലെ കേമന്‍. പരമ്പരയുടെ താരമായി ഭുവനേശ്വര്‍ കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. ശിഖര്‍ധവാന്റെയും (47) റെയ്‌നയുടെയും രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്കെത്തിച്ചത്.