പ്രശസ്ത നടി ശ്രീദേവി അന്തരിച്ചു; അന്ത്യം ദുബായില്‍ വിവാഹച്ചടങ്ങില്‍വച്ച്

ദുബായ്: ഇന്ത്യന്‍ സിനിമയുടെ ഭാവസൗന്ദര്യമായി നിറഞ്ഞാടിയ ഇതിഹാസതാരകം ശ്രീദേവി(54) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനി രാത്രി 11.30 ന് ദുബായില്‍വച്ചായിരുന്നു അന്ത്യം. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നതായാണ് വിവരം. ബോളിവുഡ് നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്. ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ മരണവിവരം സ്ഥിരീകരിച്ചു.
1963 ഓഗസ്റ്റ് 13 ന് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛന്‍ അയ്യപ്പന്‍ അഭിഭാഷകനായിരുന്നു. അമ്മ രാജേശ്വരി. തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സില്‍ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്തെത്തിയത്. ‘പൂമ്പാറ്റ’യിലൂടെ മലയാളത്തിലെത്തി. അതില്‍ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1976ല്‍ പതിമൂന്നാം വയസ്സില്‍ കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത ‘മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തില്‍ കമല്‍ഹാസനും രജനീകാന്തിനുമൊപ്പം നായികയായി അരങ്ങേറി. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച ശ്രീദേവി ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ എന്നാണ് അറിയപ്പട്ടത്. 2013 ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു. 1981 ല്‍ മൂന്നാംപിറയിെല അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. 2017 ല്‍ പുറത്തിറങ്ങിയ മോം ആണ് അവസാനചിത്രം. മക്കള്‍: ജാഹ്നവി, ഖുഷി.
മൂണ്ട്രു മുടിച്ച്, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കള്‍, മൂന്നാം പിറ, മിസ്റ്റര്‍ ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. കുമാരസംഭവം, പൂമ്പാറ്റ, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍, സത്യവാന്‍ സാവിത്രി, ദേവരാഗം ഉള്‍പ്പെടെ 26 ഓളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7