തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ അവര്‍ അയാളെ തല്ലിച്ചതച്ചത്… അയാള്‍ മരിച്ചുവെന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ല.. പൊട്ടിക്കരഞ്ഞ് നടി

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദത്തിച്ചുകൊന്ന സംഭവത്തെക്കുറിച്ച് ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് നടി ശിവാനി. നമ്മുടെ നാട്ടില്‍ മനുഷ്യന്‍മാരുടെയൊക്കെ മനസ് കല്ലായിട്ട് പോയോ? അതിന്റെ മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുക. ആദ്യം നീ നിന്റെ വീട്ടില്‍ പോയി നോക്കുക. ചിലപ്പോള്‍ കാണും, മരുന്നിന് വകയില്ലാത്ത, ഒരു നേരത്തെ പോലും ഭക്ഷണത്തിന് വകയില്ലാത്ത, നിന്റെയൊക്കെ അമ്മയോ അച്ഛനോ പെങ്ങള്‍മാരോയൊക്കെ വീട്ടിലുണ്ടാകുമെന്നും ശിവാനി പറയുന്നു.
മധുവിന് വയറ് നിറച്ച് ഭക്ഷണം വാങ്ങി കൊടുക്കുന്നതിന് പകരം തല്ലിക്കൊന്നു എന്ന് പറഞ്ഞായിരുന്നു ശിവാനി കരഞ്ഞത്. ലൈവിലുടനീളം വികാരഭരിതയായിട്ടാണ് ശിവാനി സംസാരിച്ചത്…

ലൈവില്‍ ശിവാനി പറഞ്ഞത് ഇങ്ങനെ:

മധു മരിച്ചതായി തോന്നുന്നില്ല. അവന്റെ ഫോട്ടോ കണ്ട ശേഷം ഉറക്കം വന്നിട്ടില്ല. യുഡിഎഫിന്റെ അനുഭാവിയായ ഒരാള്‍ക്കെതിരെയാണ് തെളിവ് കിട്ടിയിരിക്കുന്നത്. അയാളുടെ ഫോട്ടോ ഞാന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിനെതിരെ എനിക്ക് പേഴ്സണലായും മറ്റും മെസേജുകളും കോളുകളും വന്നു. എന്നെ പേഴ്സണലായി അറിയുന്നവര്‍ക്ക് അറിയാം ഞാന്‍ ഒരു യുഡിഎഫ് അനുഭാവിയായിരുന്നു. ഇപ്പോള്‍ അല്ല. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ പലരുടെയും പൊളിറ്റിക്കല്‍ വ്യൂസ് മാറിയിട്ടുണ്ട്. എന്റെയും മാറി. പൊലീസിന് അവരുടെ ഡ്യൂട്ടി നോക്കാന്‍ അറിയാം. അതിന് പകരം ആളുകള്‍ പൊലീസിന്റെ പണി ഏറ്റെടുത്ത് കുറ്റക്കാരെ ശിക്ഷിക്കാന്‍ ഇറങ്ങുന്നത് ശരിയല്ല. മധു കുറ്റക്കാരനായിരുന്നെങ്കില്‍ അവനെ ശിക്ഷിക്കാന്‍ കോടതിയും നിയവുമൊക്കെയുണ്ട്. കുറ്റം തെളിയുന്നത് വരെ ഒരാളും കുറ്റക്കാരന്‍ അല്ല. കുറ്റാരോപിതന്‍ മാത്രമാണ്.

ഒരു സഹജീവിയെ ഉപദ്രവിക്കാന്‍ മനസുള്ളവനാണ് ശരിക്കുമൊരു ക്രിമിനല്‍. അല്ലാതെ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി അവന്‍ മോഷ്ടിക്കുന്നുണ്ടെങ്കില്‍ അവനെത്ര ഗതിയില്ലാത്തവനായിരിക്കും…നമ്മുടെ നാട്ടില്‍ മനുഷ്യന്‍മാരുടെയൊക്കെ മനസ് കല്ലായിട്ട് പോയോ? അതിന്റെ മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുക. ആദ്യം നീ നിന്റെ വീട്ടില്‍ പോയി നോക്കുക. ചിലപ്പോള്‍ കാണും, മരുന്നിന് വകയില്ലാത്ത, ഒരു നേരത്തെ പോലും ഭക്ഷണത്തിന് വകയില്ലാത്ത, നിന്റെയൊക്കെ അമ്മയോ അച്ഛനോ പെങ്ങള്‍മാരോയൊക്കെ വീട്ടിലുണ്ടാകും. ആദ്യം അവരെയൊക്കെ പോയി നോക്കുക. സെല്‍ഫിയെടുക്കാനും, വീഡിയോ ചാറ്റും വാട്സ്ആപ്പുമൊക്കെ ഉപയോഗിക്കാനും ഒരു ഫോണ്‍ വാങ്ങി ഇതുപോലുള്ള പാവങ്ങളെ തല്ലിക്കൊല്ലുക, ഫെയ്സ്ബുക്കിലിടുക, ഫെയ്മസാകുക. അനാവശ്യമായി രാഷ്ട്രീയത്തെ ഇതില്‍ ഉള്‍പ്പെടുത്താതിരിക്കുക. കുറച്ച് മനുഷ്യത്വമില്ലാത്ത പട്ടികള്‍ ചേര്‍ന്ന് ചെയ്തിരിക്കുന്നതാണ് ഇത്. ഇതിനകത്ത് രാഷ്ട്രീയമില്ല.

രാത്രി ഉറങ്ങിയിട്ടില്ല. ആ മനുഷ്യന്റെ മുഖമൊന്ന് നോക്ക്. അയാള്‍ മരിച്ചുവെന്നത് ഈ സെക്കന്റ് വരെയും എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. കൈ കെട്ടിവെച്ചിരിക്കുന്നു. കൈ കെട്ടിയാല്‍ തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെയല്ലേ ഇവര്‍ അയാളെ തല്ലിച്ചതച്ചത്…

കൂടെയുള്ളവരെ നമുക്കെങ്ങനെ ഉപദ്രവിക്കാന്‍ പറ്റുന്നേ? ഒരു കള്ളനെ പിടിച്ചാല്‍ തന്നെ അയാളെ വഴക്കുപറ.. അത്ര സഹികെട്ടാല്‍ ഒരു തല്ല് കൊടുക്കാം. പക്ഷെ ഇങ്ങനെ മരിക്കും വരെ തല്ലരുത്. ഒരു മനുഷ്യന് ജീവിതം കുറച്ചേയുള്ളൂ. ഈ കുറച്ച് വര്‍ഷം നല്ല രീതിയില്‍ നമുക്ക് ജീവിക്കാന്‍ കഴിയില്ലേ? പണവും സൗന്ദര്യമൊക്കെ ഇല്ലാതാകാന്‍ ഒരു അസുഖം വന്നാല്‍ മതി.

പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് ഞാന്‍ ഒരു സീരിയല്‍ അഭിനയിക്കാന്‍ പോയി. അന്ന് നിറക്കുറവുണ്ടായിരുന്നു. നിറക്കുറവിന്റെ പേരില്‍ എന്നെ കളിയാക്കിയിട്ടുണ്ട്. മൂന്ന് ആര്‍ട്ടിസ്റ്റുകള്‍ നില്‍ക്കുമ്പോഴായിരുന്നു അത്. എങ്ങനെയാണ് ഈ കുട്ടി ഞങ്ങളുടെ മോളായി അഭിനയിക്കുന്നത് എന്ന് ചോദിച്ചിട്ടുണ്ട്. ഇതൊക്കെയാണ് ഓരോരുത്തരുടെ മെന്റാലിറ്റി. നിറം, പണം, ജാതി. സിനിമ നടിയാവണമെങ്കില്‍ നല്ല നിറം വേണമായിരുന്നു. നല്ല തൂവെള്ള നിറം. നിറത്തിന്റെയും ജാതിയുടെയും പേരില്‍ എന്നെ ഒരുപാട് സ്ഥലത്ത് മാറ്റിനിര്‍ത്തിയിട്ടുണ്ട്. നിറം വെക്കാന്‍ വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്ന് പക്ഷെ നടിയാവാന്‍ നിറം വേണമെന്നില്ല.

മനുഷ്യത്വമുള്ളയാളായി ജീവിക്കണം. മറ്റുള്ളവരുടെ മനസ് കാണാനുള്ള കഴിവുണ്ടാകണം. രാഷ്ട്രീയം കൂട്ടിക്കുഴയ്ക്കരുത് ഈ സംഭവത്തില്‍. പ്രതികളെ പുറത്തുകൊണ്ടുവരാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും പറഞ്ഞാണ് ശിവാനി ലൈവ് അവസാനിപ്പിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7