ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പു കേസില്‍ ഒരാഴ്ച്ചയ്ക്ക് ശേഷം മൗനം വെടിഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക തട്ടിപ്പുനടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുധനം കൊള്ളയടിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ആഗോള ബിസിനസ് ഉച്ചകോടിക്കിടെ മേദി പ്രതികരിച്ചു.
നീരവ് മോദി 11,400 കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തോട് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പുകള്‍ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അതിനിയും തുടരുമെന്നും മോദി വ്യക്തമാക്കി.
വജ്രവ്യാപാരിയായ നീരവ് മോദിയും ഇയാളുടെ ബന്ധവും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചൗക്സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,000 കോടി രൂപ തട്ടിയെടുത്തതാണ് പി.എന്‍.ബി കേസ്. അതിനിടെ, കേസില്‍ മെഹുല്‍ ചോക്സിയുടെ 1200 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
ചോക്സിയുടെ സ്ഥാപനമായ ഗീതാഞ്ജലി ജെംസിനു ഹൈദരാബാദ് പ്രത്യേക സാമ്പത്തികമേഖലയിലുള്ള വസ്തുവകകളാണു കണ്ടുകെട്ടിയത്. ചോക്സിയുടേതും നീരവ് മോദിയുടേതുമായി 94.5 കോടി രൂപയുടെ മ്യൂച്വല്‍ ഫണ്ട്, ഓഹരി നിക്ഷേപങ്ങള്‍ മരവിപ്പിക്കുകയും ചെയ്തു. ഇതില്‍ 86.72 കോടിയുടെ നിക്ഷേപവും ചോക്സിയുടേതാണ്.