പാവങ്ങള്‍ പാര്‍ട്ടിക്കൊപ്പമില്ല; സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്; ബിജെപിയുടെ വളര്‍ച്ച ഭീഷണി

തൃശ്ശൂര്‍: പാവങ്ങളില്‍ മഹാ ഭൂരിപക്ഷവും പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്നതാണ്. എന്നാല്‍ അതില്‍ മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നുവെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. ഈ മാറ്റം ഗൗരവമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. കാലങ്ങള്‍ മുന്നോട്ടുപോകുന്നതനുസരിച്ച പാര്‍ട്ടി അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഗുണനിലവാരം അത്രയ്ക്ക് വര്‍ധിക്കുന്നില്ല. സിപിഎം ഒരു സ്വതന്ത്ര ശക്തിയായി വളരുന്നില്ല എന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ബിജെപിയുടെ സ്വാധീനം വന്‍തോതില്‍ വര്‍ധിച്ചുവരുന്നത് ഭീഷണിയാണ്. മതനിരപേക്ഷ പ്രചാരണവും ഒപ്പം തന്നെ ശാസ്ത്ര സാങ്കേതിക വിദ്യ അടക്കമുള്ള കാര്യങ്ങള്‍ പ്രചരിപ്പിച്ചും വര്‍ഗ സമരങ്ങള്‍ സംഘടിപ്പിച്ചും ബിജെപിയുടെ സ്വാധിനം ചെറുക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
എല്‍ഡിഎഫില്‍ സിപിഎം കഴിഞ്ഞാല്‍ സംസ്ഥാനമാകെ സ്വാധീനമുള്ള പാര്‍ട്ടി സിപിഐ ആണ്. മറ്റുപാര്‍ട്ടികള്‍ക്കെല്ലാം അവരുടെ സ്വാധീനം ചില കേന്ദ്രങ്ങളില്‍ മാത്രമാണ്. അതുകൊണ്ട് മുന്നണിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തിയേ മതിയാകൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നേടാന്‍ വ്യക്തിപരമായി കാണിക്കുന്ന ആഗ്രഹങ്ങള്‍ പാര്‍ട്ടിയുടെ സംഘടനാ തത്വങ്ങളുടെ ലംഘനമായി കലാശിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നേതൃത്വത്തിലുള്ള ഇത്തരം പ്രവണതകള്‍ താഴോട്ട് കിനിഞ്ഞിറങ്ങിയെന്ന പരാമര്‍ശവുമുണ്ട്. ഇതിന്റെ ദൂഷ്യങ്ങള്‍ ചില പ്രദേശങ്ങളില്‍ നിലനില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
2016ലെ തിരഞ്ഞെടുപ്പിലും സ്ഥാനമാനങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ ചില പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ പാര്‍ട്ടി മുമ്പ് നല്‍കിയ സഹായങ്ങളും അംഗീകാരങ്ങളും അണികള്‍ മറക്കുകയാണ്. പാര്‍ട്ടിയെ ആകത്തന്നെ വെല്ലുവിളിക്കാനായി സ്ഥാനമാനങ്ങള്‍ നല്‍കാത്ത അവസരത്തെ ഇവര്‍ ഉപയോഗിക്കുന്നു. പാര്‍ട്ടിയെ തകര്‍ക്കാനായി ഉപയോഗിക്കുന്നു. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല. ബൂര്‍ഷ്വാ പാര്‍ട്ടികളിലേപ്പോലെയുള്ള ഇത്തരം പ്രവണതകള്‍ വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് അടിവരയിട്ട് പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular