ശവം തിന്നുന്ന മൃഗങ്ങള്‍ക്ക് പോലും ഇതിലേറെ നീതി ബോധമുണ്ട്… ; കാട്ടിലെ മൃഗങ്ങളെ വിശ്വസിക്കാം, നാട്ടിലെ മൃഗങ്ങളെ ഒരു കാലത്തും വിശ്വസിക്കരുത്: ഡോ ഷിംന

കോഴിക്കോട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മരിച്ച സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി ഡോ.ഷിംന അസീസ്. കാട്ടിലെ മൃഗങ്ങളെ വിശ്വസിക്കാം, നാട്ടിലെ മൃഗങ്ങളെ ഒരു കാലത്തും വിശ്വസിക്കരുത്, ചതിക്കുമെന്ന് ഷിംന പറയുന്നു. ശവം തിന്നുന്ന മൃഗങ്ങള്‍ക്ക് പോലും ഇതിലേറെ നീതിബോധമുണ്ടെന്നും ഷിംന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിക്കുന്നു. ആദിവാസി യുവാവിനെ കാടിറക്കി കൊണ്ടു വന്ന് അവര്‍ തല്ലിക്കൊന്നു, അതിന്റെ സെല്‍ഫി എടുത്ത് രസിച്ചു. മനുഷ്യന്‍ എന്ന് വിളിക്കപ്പെടുന്നതില്‍ അപമാനം തോന്നുന്നുവെന്നും ഷിംന പോസ്റ്റില്‍ കുറിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആദിവാസി ഊരിലേക്ക് നമ്മള്‍ കയറിച്ചെല്ലുന്നത് ദൂരേന്ന് കണ്ടാലേ അവര് കാട്കയറും. അവരോട് എന്ത് ചോദിച്ചാലും മിണ്ടില്ല, മുഖത്ത് നോക്കാതെ താഴോട്ട് നോക്കി നില്‍ക്കും. എത്ര വലിയ രോഗമുണ്ടെങ്കിലും കൊണ്ടുപോയി കൊടുത്ത ഗുളിക കഴിക്കില്ല, പ്രസവിക്കാന്‍ പോലും കാടിറങ്ങാന്‍ മടി’ നേരില്‍ കണ്ട കാര്യങ്ങളാണ്, ഇന്നലെ വരെ അവരോടെനിക്ക് ഉണ്ടായിരുന്ന കുഞ്ഞു പരിഭവവും ആയിരുന്നത്.

ഇന്ന് തിരിച്ചറിയുന്നു അവരാണ് ശരി. കാട്ടിലെ മൃഗങ്ങളെ വിശ്വസിക്കാം, നാട്ടിലെ മൃഗങ്ങളെ ഒരു കാലത്തും വിശ്വസിക്കരുത്, ചതിക്കും. ശവം തിന്നുന്ന മൃഗങ്ങള്‍ക്ക് പോലും ഇതിലേറെ നീതിബോധമുണ്ട്

ഇന്നലെ ഒരു ആദിവാസി യുവാവിനെ കാടിറക്കി കൊണ്ടു വന്ന് അവര്‍ തല്ലിക്കൊന്നു, അതിന്റെ സെല്‍ഫി എടുത്ത് രസിച്ചു…മനുഷ്യന്‍ എന്ന് വിളിക്കപ്പെടുന്നതില്‍ അപമാനം തോന്നുന്നു…ഈ വിഷയത്തില്‍ നെഞ്ചില്‍ തട്ടിയൊരു കുറിപ്പ് ഷെയര്‍ ചെയ്യുന്നു…

ഒമയലലയ അിഷൗ എഴുതുന്നു…

വെറും ഇരുപത്തേഴ് വയസ്സേ ആയിട്ടുണ്ടായിരുന്നുള്ളു മധുവിന്, ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം ആഘോഷിച്ചു കടന്നുപോകേണ്ട സമയം. പക്ഷേ അവന്‍ ഉടുത്തിരുന്ന തുണി മുഷിഞ്ഞ് കീറിയതായിപ്പോയി. അവന്റെ നിറം ഇരുണ്ടതായിപ്പോയി. ചുറ്റുമുള്ളവര്‍ പുലമ്പുന്നതെന്തെന്ന് മനസ്സിലാക്കി തിരിച്ച് നാലു വര്‍ത്തമാനം പറയാനറിയതെ പോയി അവന്. കെട്ടിയിട്ട കയ്യുമായി നെഞ്ചുന്തി നിസ്സഹായനായി നിന്ന് ഒരാള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റു വാങ്ങുമ്പൊ അരുതെന്ന് പറയാനവിടെ ആരുമുണ്ടായിരുന്നില്ല, അവനെ തല്ലല്ലേ അവന്റെ കൈയിലെ ഒരുപിടി അരിയുടെ കാശ് അങ്ങ് തന്നേക്കാമെന്നാരും പറഞ്ഞില്ല. എല്ലാരും സെല്‍ഫിയെടുത്ത് വീഡിയോയെടുത്ത് വാട്സപ് ഗ്രൂപ്പുകളിലയക്കുന്ന തിരക്കിലായിരുന്നല്ലോ.

സ്റ്റിക്കറൊട്ടിച്ച് കുട്ടികളെ തട്ടിക്കൊണ്ട് പോയവനും, കത്തി ചൂണ്ടി മോഷ്ടിച്ച അന്യസംസ്ഥാനതൊഴിലാളിയിലും ഓടി രസം തീര്‍ന്നപ്പൊ പകരം വായിക്കാനൊരു ചൂടുള്ള വാര്‍ത്തയായിരുന്നു അവന്റെ ദൈന്യത. സമൂഹത്തില്‍ വെറുപ്പും വിഭാഗീയതയും സൃഷ്ടിക്കാനും, ചിലരെ സ്വാഭാവിക കുറ്റവാളിസ്ഥാനത്തേക്ക് എത്തിക്കുന്നിടത്ത് സമൂഹത്തിന്റെ മനോനില കൊണ്ടുവരാനുമായി പടക്കപ്പെട്ട പരത്തപ്പെട്ട പരശതം നുണക്കഥകള്‍ കണ്ടും ആഘോഷിച്ചും ഫോര്‍വേര്‍ഡ് ചെയ്തും തള്ളിയല്ലോ ഇത്രനാളും… അതൊക്കെ ഇന്നീ സമ്പൂര്‍ണ്ണ സാക്ഷരസംസ്ഥാനത്തിലും തെരുവിലിറങ്ങി ആളെക്കൊന്നു തുടങ്ങിയിരിക്കുന്നു.

എണീറ്റു നില്‍ക്കാനുള്ള പാങ്ങുണ്ടായിരുന്നില്ലവന്്. എന്നിട്ടും തിരിച്ച് തല്ലില്ലെന്നുറപ്പുവരുത്താന്‍ കൈ കെട്ടിയിട്ടാണവനെ മര്‍ദ്ദിച്ച് കൊന്നത്. അവന്റെ സഞ്ചിയില്‍ നിന്നും അരിയും ബീഡിയും മല്ലിയും പെറുക്കിയെടുത്ത് വിചാരണ ചെയ്ത ശവം തീനികളെ നോക്കി അവന്‍ അവസാനമായി ചിരിച്ച ആ ചിരിയുണ്ടല്ലോ, നട്ടെല്ലു തല്ലിയൊടിച്ചിട്ടാണെങ്കിലും ഒടുവില്‍ എല്ലാരും കൂടി അവന്റെ പട്ടിണി എന്നെന്നേക്കുമായി മാറ്റിത്തരുകയാണല്ലോ എന്ന ചിരി. മുന്നില്‍ നിന്ന് പോവുന്നില്ല ആ ചിത്രം. ഒരു പോള കണ്ണടയുന്നില്ല. മണ്ണാര്‍ക്കാട്ടെ ഏതോ സര്‍ക്കാര്‍ മോര്‍ച്ചറിയുടെ തണുപ്പില്‍ അവനിപ്പോള്‍ അവസാനമായി ഉറങ്ങുന്നുണ്ടാവും. ജീവനുള്ളപ്പൊ കൂടെ നില്‍ക്കാന്‍ പറ്റാതിരുന്നവന് ഇനി അവനെ ഓര്‍ത്ത് ഉറക്കം വരാതെയിരുന്നിട്ടെന്തിനാണെന്ന് സ്വയം പുച്ഛം തോന്നുന്നുണ്ട്. എന്തിനൊക്കെയോ ശപിക്കുന്നുണ്ട്. ഇനിയെന്തിനെന്നറിഞ്ഞിട്ടും മാപ്പു യാചിക്കുന്നുണ്ട്. നിസ്സഹായതയുടെ അങ്ങേയറ്റം…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7