‘ഞങ്ങളുടെ ഇക്ക ആ കണക്കുപുസ്തകത്തിലെ അവസാനത്തെ ആളാകട്ടെ’ ‘എന്തിന്റെ പേരിലായാലും ഇക്കയെ ഇങ്ങനെ ഇല്ലാതാക്കാമായിരുന്നോ?’ മുഖ്യമന്ത്രിയ്ക്ക് ഷുഹൈബിന്റെ പെങ്ങളുടെ തുറന്ന കത്ത്

ഇനി ആരും മരിക്കരുത്. ഞങ്ങളുടെ ഇക്ക ആ കണക്കു പുസ്തകത്തിലെ അവസാനത്തെ ആളാവട്ടെ. ഇനി ആരും കൊല്ലപ്പെടാതിരിക്കട്ടെ. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ സഹോദരി സുമയ്യ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലെ വാചകങ്ങളാണിത്. ഷുഹൈബ് കൊല്ലപ്പെട്ട് പത്തുദിവസം പൂര്‍ത്തിയായ അന്നാണ് മുഖ്യമന്ത്രിയ്ക്ക് സഹോദരി തുറന്ന കത്തെഴുതിയത്. കണ്ണീര്‍ നനവുള്ള അക്ഷരങ്ങളും ഹൃദയവേദനയോടെ അക്ഷരങ്ങളായി പകര്‍ത്തിയാണ് സുമയ്യയുടെ കത്ത്. കുടുംബത്തിലെ ഏക അത്താണിയിയാരുന്ന സഹോദരന്‍മരിച്ചതോടെ ഈ കുടുംബം പെരുവഴിയിലാണ്.

കത്തിന്റെ ഉള്ളടക്കം:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

നന്നായി എഴുതാനൊന്നും ഞങ്ങള്‍ക്കറിയില്ല. സങ്കടം മാത്രമാണു കുറച്ചു ദിവസമായി എനിക്കും ഇത്താത്തമാര്‍ക്കും ഉപ്പാക്കും ഉമ്മാക്കും ഈ വീട്ടിലേക്കു വരുന്നവര്‍ക്കുമെല്ലാം. ഷുഹൈബ്ക്ക ഞങ്ങള്‍ക്കു വലിയ തുണയായിരുന്നു. കൂട്ടായിരുന്നു. ഞങ്ങള്‍ക്കു പോലും അറിയാത്ത ഒരുപാടു പേര്‍ക്കു താങ്ങും തണലുമായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. ഇക്കയുടെ വേര്‍പാട് അറിഞ്ഞതു മുതല്‍ ഇങ്ങോട്ടെത്തുന്നവര്‍ അതു സാക്ഷ്യപ്പെടുത്തി. ഇക്ക ഇനി നമ്മുടെ കൂടെ ഇല്ല എന്നു വിശ്വസിക്കാന്‍ ഇന്നും ഞങ്ങള്‍ക്ക് ആര്‍ക്കും ആയിട്ടില്ല. എന്തിന്റെ പേരിലായാലും ഇക്കയെ ഇങ്ങനെ ഇല്ലാതാക്കാമായിരുന്നോ?

ഇനി ആരും മരിക്കരുത്. ഞങ്ങളുടെ ഇക്ക ആ കണക്കു പുസ്തകത്തിലെ അവസാനത്തെ ആളാവട്ടെ. ഇനി ആരും കൊല്ലപ്പെടാതിരിക്കട്ടെ. ഞങ്ങള്‍ക്കു വേണ്ടി, ഞങ്ങളെപ്പോലെ ഒരുപാടു കുടുംബങ്ങള്‍ക്കു വേണ്ടി ഈ ക്രൂരതകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഒരു ഉറപ്പ്, അതെങ്കിലും ഞങ്ങള്‍ക്കു നല്‍കാമോ?

എന്ന് സുമയ്യ.

Similar Articles

Comments

Advertismentspot_img

Most Popular