തൃശൂര്‍: അക്രമ രാഷ്ട്രീയം പാര്‍ട്ടിയുടെ നയമല്ലെന്ന് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍ ജനകീയ പോരാട്ടത്തില്‍ നിരവധി പ്രവര്‍ത്തകരെയാണ് പ്രസ്ഥാനത്തിന് നഷ്ടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.ശത്രുക്കളെ ജനാധിപത്യപരമായി നേരിടുന്നതാണ് സി.പി.എമ്മിന്റെ ശൈലി. എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കും. തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടി തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഈ സമ്മേളന നഗരിയിലേക്ക് 577 രക്തസാക്ഷി കുടീരങ്ങളില്‍ നിന്നും എത്തിയ ദീപശിഖകള്‍ തെളിയിക്കുന്നത് ഈ പാര്‍ട്ടി എത്രത്തോളം ആക്രമിക്കപ്പെടുന്നുവെന്നാണ്. ഈ രാഷ്ട്രീയ അക്രമമാണ് ആര്‍.എസ്.എസ്സിന്റെ അടിസ്ഥാനം. വര്‍ഗീയ ലഹളയും അതുവഴി ധ്രുവീകരണവും സൃഷ്ടിക്കുകയാണ് ആര്‍ എസ് എസ്സിന്റെ നയം. എന്നാല്‍ സിപിഎം ജനാധിപത്യപരമായി ജനങ്ങളെ സംഘടിപ്പിക്കുകയും അണിനിരത്തുകയുമാണ് ചെയ്യുന്നത് എന്നും യെച്ചൂരി പറഞ്ഞു.