തിരുവനന്തപുരം: മൃഗശാല കാണാനെത്തിയ യുവാവ് സിംഹക്കൂട്ടിലേക്ക് എടുത്തുചാടി. സിംഹത്തെ പ്രകോപിപ്പിക്കാനുള്ള ശ്രമത്തിനിടെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കൃത്യസമയത്ത് മൃഗശാല ജീവനക്കാര്‍ ഇടപെട്ടതുകൊണ്ടാണ് ഇയാളുടെ ജീവന്‍ രക്ഷിക്കാനായത്. പിടികൂടിയ യുവാവിനെ ഒടുവില്‍ പൊലീസിനു കൈമാറി.
ഒരു കൂട്ടില്‍ രണ്ട് വയസ്സുള്ള ഒരു സിംഹവും മറ്റൊരു കൂട്ടില്‍ മൂന്ന് സിംഹവുമാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് വയസ്സുള്ള ഗ്രേസിയെന്ന സിംഹത്തിന്റെ കൂട്ടിലേക്കാണ് ഇയാള്‍ എടുത്ത് ചാടിയത്. പൊലീസും, ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്ത് തന്നെയാണ് ഉണ്ടായിരുന്നു.
ഒറ്റപ്പാലം തോണിപ്പാടത്ത് വീട്ടില്‍ മുരുകന്‍(33) ആണ് ജീവനക്കാരുടെ ഇടപെടല്‍ കൊണ്ട് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഫെബ്രുവരി 18 മുതല്‍ ഇയാളെ കാണ്മാനില്ലെന്നറിയിച്ച് വീട്ടുകാര്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. പൊലീസിലും പരാതി നല്‍കി. അതിനു പിന്നാലെയാണു സംഭവം. ഇയാള്‍ക്കൊപ്പം ഒരു വനിത കൂടി ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്.