ചെന്നൈ: തമിഴകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ച ഇന്ന് ചെന്നൈയില്‍ നടന്നു. സിനിമാ രംഗത്തെ തലചൂടാമന്നന്മാരായ രജനീകാന്തും കമല്‍ഹാസ്സനും കൂടിക്കാഴ്ച നടത്തി. പോയസ് ഗാര്‍ഡനിലെ രജനീകാന്തിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഇരുവരും 20 മിനിറ്റോളം നീണ്ടകൂടിക്കാഴ്ചയ്‌ക്കൊടുവില്‍ മാധ്യമങ്ങളെ കണ്ട് രാഷ്ട്രീയ യോജിപ്പല്ല ലക്ഷ്യമെന്ന് രജനി വ്യക്തമാക്കി. ഇത് വെറും സൗഹൃദ സംഭാഷണം മാത്രമാണ് നടന്നതെന്നും, രാഷ്ട്രീയം പറഞ്ഞില്ലെന്നും പാര്‍ട്ടി പ്രഖ്യാപനം അറിയിച്ച്, ചടങ്ങിലേക്ക് ക്ഷണിക്കാനാണ് എത്തിയതെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചപ്പോഴും രജനീകാന്തിനെ കണ്ടിരുന്നുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവരും രാഷ്ട്രീയത്തില്‍ യോജിക്കില്ലെന്ന സൂചനയാണ് രജനീകാന്ത് നല്‍കിയത്. സിനിമയിലെ പോലെ രാഷ്ട്രീയത്തിലും പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തമായിരിക്കും. ജനങ്ങള്‍ക്ക് ‘നന്മ ചെയ്യുകയെന്ന ലക്ഷ്യമാണ് രണ്ടു പേര്‍ക്കും ഉള്ളതെന്നും രജനി പറഞ്ഞു. 21 ന് മധുരയിലാണ് കമല്‍ ഹാസന്റെ രാഷ്ട്രീയ പ്രഖ്യാപനം.
തമിഴക രാഷ്ട്രീയത്തിലേക്ക് വീണ്ടും സിനിമാ താരങ്ങളുടെ നേതൃത്വം തിരികെയെത്തുമ്പോള്‍ താരരാജാക്കന്മാര്‍ ഇരുവരും ഒന്നിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. ആദ്യം കമലഹാസന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചപ്പോള്‍ അതിനെ കളിയാക്കിയ രജനീകാന്ത് ദിവസങ്ങള്‍ക്കകമാണ് താനും രാഷ്ട്രീയത്തിലേക്കെന്നും ജനങ്ങളുമായി സംവദിക്കാന്‍ മൊബൈല്‍ ആപ് പുറത്തിറക്കുന്നുവെന്നും അറിയിച്ചത്.