നീരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി സി.ബി.ഐ! പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ജനറല്‍ മാനേജര്‍ അടക്കം എട്ട് ഉദ്യോസ്ഥരെ കൂടി സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: ബാങ്ക് വായ്പാത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടി. പഞ്ചാബ് നാഷണല്‍ ബാങ്ക് ഇന്നലെ ഒരു ജനറല്‍ മാനേജര്‍ അടക്കം എട്ട് ഉദ്യോഗസ്ഥരെക്കൂടി സസ്പെന്‍ഡ് ചെയ്തു. നീരവ് മോദിയുടെ ബന്ധുവും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോക്സിയുടെയും പാസ്പോര്‍ട്ടുകള്‍ വിദേശകാര്യ മന്ത്രാലയം ഒരു മാസത്തേക്കു സസ്പെന്‍ഡ് ചെയ്തു.

പാസ്പോര്‍ട്ടുകള്‍ സസ്പെന്‍ഡ് ചെയ്ത വിദേശകാര്യ മന്ത്രാലയം അവ റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, അടുത്തകാലത്തായി നീരവ് ബല്‍ജിയം പാസ്പോര്‍ട്ടാണ് ഉപയോഗിക്കുന്നത് എന്നാണു സൂചന. മാത്രമല്ല, ഏതാനും വര്‍ഷങ്ങളായി നീരവ് മോദി ഇന്ത്യയിലേക്കുള്ള വരവ് വളരെ കുറച്ചു. കൂടുതല്‍ സമയവും യുഎസിലാണു ചെലവഴിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്ക് രണ്ടാമതു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഗീതാഞ്ജലി ഗ്രൂപ്പിനെതിരെ ഒരു എഫ്ഐആര്‍ കൂടി ഫയല്‍ ചെയ്തു. നീരവിനും അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോക്സിക്കും ഒരാഴ്ചയ്ക്കകം ഹാജരാകണമെന്നു കാണിച്ച് ഇഡി സമന്‍സ് അയച്ചിട്ടുണ്ട്.

നീരവിന്റെയും ബന്ധുക്കളുടെയും സ്ഥാപനങ്ങളില്‍ റെയ്ഡുകള്‍ തുടരുകയാണ്. നീരവ് മോദി എവിടെയാണെന്ന് അറിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. അതേസമയം നീരവ് ന്യൂയോര്‍ക്കില്‍ മന്‍ഹാറ്റനിലെ അപാര്‍ട്മെന്റിലുണ്ടെന്ന് ഇന്ത്യയിലെ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇന്നലെ നീരവുമായി ബന്ധപ്പെട്ട 26 ഇടങ്ങളിലാണു റെയ്ഡ് നടത്തിയത്. ചില ബാങ്കുകളിലെ വിരമിച്ചവരും അല്ലാത്തവരുമായ ഉദ്യോഗസ്ഥരുടെ വീടുകളും റെയ്ഡ് ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7