ഷുഹൈബിന്റെ കൊലപാതകം ആസൂത്രിതം; ശരീരത്തില്‍ 37 വെട്ടുകള്‍, ആക്രമികള്‍ എത്തിയത് നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ മുഖം മറച്ച്, നാളെ പഠിപ്പ് മുടക്ക്

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്.പി. ഷുഹൈബിന്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് സൂചന. ഷുഹൈബിന്റെ ശരീരത്തില്‍ 37 വെട്ടുണ്ടായിരുന്നു. കാറിലെത്തിയ നാലംഗ അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് റോഡരികിലെ തട്ടുകടയില്‍ ചായകുടിക്കുകയായിരുന്ന ഷുഹൈബിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

ഇരുകാലുകള്‍ക്കും ആഴത്തില്‍ വെട്ടേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ്(36), പള്ളിപ്പറമ്പത്ത് നൗഷാദ്(28) എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു.

ദൃക്സാക്ഷികള്‍ നല്‍കിയ വിവരമനുസരിച്ച് നാലുപേരുടെ പേരില്‍ പോലീസ് കേസെടുത്തു. പ്രതികള്‍ സി.പി.ഐ.എം. പ്രവര്‍ത്തകരാണെന്ന് കരുതുന്നതായി മട്ടന്നൂര്‍ സി.ഐ. എ.വി.ജോണ്‍ പറഞ്ഞു.

തിങ്കളാഴ്ച രാത്രി വൈകിയായിരുന്നു അക്രമണം. നമ്പര്‍ പതിക്കാത്ത കാറില്‍ മുഖംമറച്ചാണ് അക്രമികളെത്തിയതെന്ന് പറയുന്നു. ശബ്ദംകേട്ട് ഓടിയെത്താന്‍ ശ്രമിച്ച പരിസരത്തുണ്ടായവര്‍ക്കു നേരേയും ബോംബെറിഞ്ഞു. മൂന്നുതവണയാണ് ബോംബെറിഞ്ഞത്. ബോംബിന്റെ ചീളുകള്‍ തെറിച്ച് രണ്ടുപേര്‍ക്ക് ചെറിയ പരിക്കേറ്റു.

കഴിഞ്ഞ 12ന് എടയന്നൂരില്‍ സി.പി.ഐ.എം.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന ഷുഹൈബ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പുറത്തിറങ്ങിയത്. നേരത്തേ ഷുഹൈബിനുനേരേ സി.പി.ഐ.എം. പ്രവര്‍ത്തകര്‍ വധഭീഷണിമുഴക്കി പ്രകടനം നടത്തിയിരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

അതേസമയം, ഷുഹൈബിന്റെ ഘാതകരെ ഉടന്‍ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി 24 മണിക്കൂര്‍ ഉപവസിക്കാന്‍ ഒരുങ്ങുകയാണ്. ബുധനാഴ്ച പത്തുമുതല്‍ വ്യാഴാഴ്ച പത്തുവരെ കണ്ണൂര്‍ കളക്ടറേറ്റിനു മുന്‍പിലാണ് ഉപവാസം. കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന ഉപവാസം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ കണ്ണൂര്‍ ജില്ലയിലെ പോലീസിനെ വിമര്‍ശിച്ച കെ.എസ്.യു. കണ്ണൂര്‍ എസ്.പി ജില്ലയ്ക്ക് ബാധ്യതയാണെന്ന് കെ.എസ്.യു കുറ്റപ്പെടുത്തി. ശുഹൈബിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ ജില്ലയില്‍ പഠിപ്പ് മുടക്കുമെന്നും കെഎസ്.യു വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7