വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക; നിങ്ങള്‍ക്ക് ഗോള്‍ഡന്‍ പോയിന്റ് ലഭിച്ചേക്കാം…

അജ്മാന്‍: അജ്മാനില്‍ വാഹനമോടിക്കുന്നവര്‍ ഇതുകൂടി ശ്രദ്ധിക്കുക. റോഡുകളില്‍ മികച്ച പെരുമാറ്റം കാഴ്ചവെക്കുന്ന ഡ്രൈവര്‍മാര്‍ക്ക് അജ്മാന്‍ പൊലീസ് ഗോള്‍ഡന്‍ പോയിന്റ് നല്‍കുന്നു. ട്രാഫിക് നിര്‍ദേശങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഓരോ മാസത്തിന്റെയും ഒടുവില്‍ രണ്ട് ഗോള്‍ഡന്‍ പോയിന്റുകള്‍ ലഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു നിയമലംഘനം പോലും നടത്താത്ത ഡ്രൈവര്‍മാര്‍ക്കാണ് ഗോള്‍ഡന്‍ പോയിന്റ്സ് ലഭിക്കുക.
ഒരു വര്‍ഷത്തിനുള്ളില്‍ 24 ഗോള്‍ഡന്‍ പോയിന്റുകള്‍ ലഭിക്കുന്ന പത്തുപേര്‍ക്ക് ഉപഹാരം നല്‍കി ആദരിക്കാനാണ് തീരുമാനം.അടുത്തവര്‍ഷം മാര്‍ച്ചിലാണ് 24 ഗോള്‍ഡന്‍ പോയിന്റ് നേടുന്നവരെ പുരസ്‌കാരം നല്‍കി ആദരിക്കുക.ട്രാഫിക് അപകടങ്ങള്‍ കുറക്കുന്നതിനായി നിരവധി സംരംഭങ്ങളും ബോധവത്കരണ പരിപാടികളുമാണ് അജ്മാന്‍ പൊലീസ് നടത്തിവരുന്നത്.
അജ്മാനിലെ നിരത്തുകള്‍ അപകടമുക്തമാക്കാനും റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്താനും ഡ്രൈവര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗോള്‍ഡന്‍ പോയിന്റ്സ് ഏര്‍പ്പെടുത്തിയതെന്ന് അജ്മാന്‍ പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ലെഫ്റ്റനന്റ് കേണല്‍ സൈഫ് അബ്ദുല്ല അല്‍ ഫലാസി അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular