കര്‍ഷകര്‍ക്കെതിരേ ആന്റണി പെരുമ്പാവൂര്‍

കൊച്ചി: സിനിമാ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നെല്‍വയല്‍ മണ്ണിട്ട് നികത്തിയത് എതിര്‍ത്ത കര്‍ഷകര്‍ക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചെന്ന് പരാതി. തൊട്ടടുത്തുള്ള കൃഷിയിടത്തില്‍ വെള്ളം ലഭിക്കാതിരിക്കാന്‍ നിലത്തോട് ചേര്‍ന്നുള്ള കനാല്‍ മണ്ണിട്ട് നികത്തിയെന്നാണ് ആരോപണം ഉയരുന്നത്. തങ്ങളുടെ കൃഷിയിടത്തിലേക്ക് വെള്ളം ലഭിക്കാതായതോടെ കൃഷിയിറക്കാനാവാതെ വിഷമിക്കുകയാണ് കര്‍ഷകരെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
പെരുമ്പാവൂര്‍ ഇരിങ്ങോല്‍ക്കരയിലെ നെല്‍പ്പാടം നികത്താന്‍ ശ്രമിച്ചതിന് പുറമേ ആന്റണി പെരുമ്പാവൂര്‍ തൊട്ടടുത്ത കനാലും അടച്ചു. ഇവിടെ നിന്നിപ്പോള്‍ ആന്റണിയുടെ നിലത്തിലേക്ക് മാത്രമേ വെള്ളം ലഭിക്കൂ. തെങ്ങോല ഉപയോഗിച്ച് കാനയില്‍ നിന്ന് മറ്റ് കൃഷിയിടങ്ങളിലേക്കുള്ള വെള്ളച്ചാലുകള്‍ തടയുകയായിരുന്നെന്ന് കര്‍ഷകര്‍ പറയുന്നു. നിലം നികത്തലിനെ എതിര്‍ത്തതിനുള്ള പ്രതികാര നടപടിയാണിതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. വെള്ളം ലഭിക്കാതായതോടെ കൃഷി മുടങ്ങിയ പാടങ്ങള്‍ ഇപ്പോള്‍ തരിശായി കിടക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
പെരുമ്പാവൂര്‍ ഇരിങ്ങോല്‍ക്കര അയ്മുറി റോഡിലാണ് ഒരേക്കര്‍ സ്ഥലം പാഴ്മരങ്ങള്‍ നട്ട് നികത്താന്‍ ആന്‍ണി പെരുമ്പാവൂര്‍ ശ്രമിക്കുന്നതെന്നാരോപണം. ഇതു സംബന്ധിച്ച് പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍ക്കും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പാടം നികത്താന്‍ ശ്രമം നടക്കുന്നെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കണ്ടെത്തി. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ഉത്തരവിട്ടു.
ഈ ഉത്തരവിനെതിരെ ആന്റണി പെരുമ്പാവൂര്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല സ്‌റ്റേ വാങ്ങിയിരുന്നു. പരാതിക്കാരുടെയും പ്രദേശവാസികളുടെയും വാദങ്ങള്‍ കേട്ടുതീരും വരെ യാതൊരു പ്രവൃത്തികളും പാടില്ലെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. ഈ ഉത്തരവ് മറികടന്നാണ് ഇപ്പോള്‍ നിര്‍മാണ പ്രവത്തനങ്ങള്‍ നടക്കുന്നതെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7