പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ രാവിലെ യാത്രക്കാരിക്ക് നേരെ ആക്രമണം

കൊച്ചി: പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ രാവിലെ യാത്രക്കാരിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. മുളന്തുരുത്തി സ്വദേശിനിയാണ് ആക്രമിക്കപ്പെട്ടത്. പ്രാണരക്ഷാര്‍ത്ഥം ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവതിയെ പരിക്കുകളോടെ എണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ എട്ട് മണിയോടെ മുളന്തുരുത്തി സ്‌റ്റേഷനില്‍ നിന്നാണ് യുവതി ട്രെയിനില്‍ കയറിയത്. ചെങ്ങന്നൂരില്‍ സ്‌കുളില്‍ ജീവനക്കാരിയായ ഇവര്‍ ജോലിക്ക് പോവുകയായിരുന്നു. ഇവര്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കായിരുന്നു. കാഞ്ഞിരമറ്റം ഭാഗത്തുവച്ചാണ് ആക്രമണം നടന്നത്.

ട്രെയിന്‍ സ്‌റ്റേഷന്‍ വിട്ടതോടെ പെട്ടെന്ന് കമ്പാര്‍ട്ട്‌മെന്റിലേക്ക് കയറിവന്ന അജ്ഞാതന്‍ രണ്ട് വാതിലുകളും അടച്ചു. സ്‌ക്രൂഡ്രൈവര്‍ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി മാലയും വളകളും ഊരിവാങ്ങി. തുടര്‍ന്ന് ഇവരെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. കയ്യില്‍ പിടിച്ച് ശുചിമുറിയുടെ സമീപത്തേക്ക് കൊണ്ടുപോയി. ഇതോടെ അക്രമിയെ തള്ളിമാറ്റി വാതില്‍ തുറന്ന് കുറച്ചുസമയം തൂങ്ങിക്കിടന്നു. പിന്നീട് പുറത്തേക്ക് ചാടുകയായിരുന്നു. ഈ സമയം ട്രെയിന്‍ സാവകാശമാണ് ഓടിയിരുന്നത്.

യുവതിയുടെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഗുരുതരമല്ലെന്നാണ് വിവരം. അക്രമിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. യുവതി ചാടുന്നത് കണ്ട നാട്ടുകാരാണ് വിവരം ഭര്‍ത്താവിനെ അറിയിക്കുന്നതും ആശുപത്രിയില്‍ കൊണ്ടുപോയതും.

അക്രമിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാളും യുവതിക്കു പിന്നാലെ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. റെയില്‍വേ പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. അക്രമി മാസ്‌ക് ധരിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular