ശ്രീനഗര്‍: ജമ്മുകശ്മീരിലെ സൈനിക ക്യാമ്പില്‍ ശനിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 9 ആയി. മൂന്ന് സൈനികരുടെയും ഒരു പ്രദേശവാസിയുടെയും മൃതദേഹങ്ങള്‍ കൂടി ഞായറാഴ്ച്ച കണ്ടെത്തിയതോടെയാണിത്.
ഹവില്‍ദാര്‍ ഹബീബുള്ള ഖുറേഷി, നായിക് മന്‍സൂര്‍ അഹമ്മദ്, ലാന്‍സ് നായിക് മൊഹമ്മദ് ഇക്ബാല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച്ച ലഭിച്ചത്. ലാന്‍സ് നായിക് ഇക്ബാലിന്റെ പിതാവിന്റേതാണ് ലഭിച്ച നാലാമത്തെ മൃതദേഹം. ഭീകരാക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമുള്‍പ്പടെ 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരു ആണ്‍കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
സൈനികക്യാമ്പില്‍ അതിക്രമിച്ചുകയറിയ 3 ഭീകരരെയും വധിച്ചതായി സൈന്യം അറിയിച്ചു. ജമ്മുപത്താന്‍കോട്ട് ബൈപാസിലുള്ള ഇന്‍ഫന്‍ട്രിവിഭാഗം 36 ബ്രിഗേഡ് ക്യാമ്പിലേക്കാണ് സൈനിക വേഷത്തില്‍ ഭീകരര്‍ അതിക്രമിച്ചു കയറിയത്. കാവല്‍ക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഘം ക്യാമ്പിനുള്ളില്‍ കുടുംബങ്ങള്‍ താമസിക്കുന്നിടത്ത് ഒളിയ്ക്കുകയായിരുന്നു. ഇവര്‍ക്കായുള്ള തിരച്ചിലിന്റെ ഭാഗമായി 150 ഓളം വീടുകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഭീകരര്‍ ഒളിതച്ചുതാമസിച്ചയിടത്തു നിന്ന് ആയുധങ്ങളും ഉപയോഗിച്ച സിറിഞ്ചുകളും കണ്ടെടുത്തു. ആക്രമണത്തിന് മുമ്പ് മോര്‍ഫിന്‍ കുത്തിവയ്ക്കാനാവും ഭീകരര്‍ സിറിഞ്ചുകള്‍ ഉപയോഗിച്ചതെന്ന് സൈന്യം അറിയിച്ചു.
കൊല്ലപ്പെട്ട ഭീകരര്‍ പാകിസ്താന്‍ പൗരന്മാരാണ്. ഇവര്‍ പാകിസ്താനില്‍ നിന്ന് ഓഗസ്റ്റിലോ സെപ്റ്റംബറിലോ കശ്മീരിലേക്ക് എത്തിയവരാണെന്നാണ് സൈന്യത്തിന്റെ നിഗമനം. ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ ജമ്മുവിലേക്ക് എത്തിയതാണെന്നും പ്രദേശവാസികളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നും സൈന്യം അറിയിച്ചു.
തകരത്തകിടുകള്‍ കൊണ്ട് നിര്‍മ്മിച്ച മതിലുകള്‍ പൊളിച്ചാവും ഭീകരര്‍ ക്യാമ്പിനുള്ളിലെത്തിയതെന്നാണ് നിഗമനം. സംഭവത്തില്‍ സൈന്യം പ്രാഥമികാന്വേഷണം ആരംഭിച്ചു. പ്രദേശവാസികളുടെ സഹായമില്ലാതെ ആയുധശേഖരങ്ങള്‍ ഇവിടേക്ക് കടത്താന്‍ ഭീകരര്‍ക്ക് കഴിയില്ലെന്ന് തന്നെയാണ് സൈന്യം വിശ്വസിക്കുന്നത്. ആ രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണം എന്‍ഐഎക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.