അബുദാബി: സ്വദേശിവല്‍ക്കരണ പദ്ധതിയില്‍ പങ്കാളികളാകുന്ന സ്വകാര്യ കമ്പനികള്‍ക്ക് വിസ ഫീസില്‍ ഇളവു നല്‍കല്‍ യുഎഇ ആരംഭിച്ചു. സ്വദേശിവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാന്‍ സ്വദേശിവല്‍ക്കരണ ക്ലബ്ബുകള്‍ രൂപീകരിച്ചാണ് നടപടികള്‍ ഊര്‍ജിതമാക്കുക. ഇതില്‍ കമ്പനികള്‍ക്ക് അംഗത്വം നല്‍കുമെന്നും മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹാമിലി വ്യക്തമാക്കി.
ഒരു വിദേശ തൊഴിലാളിയെ കൊണ്ടുവരണമെങ്കില്‍ 3000 ദിര്‍ഹം ഫീസ് ഇനത്തില്‍ കമ്പനികള്‍ നല്‍കണം. സ്വദേശിവല്‍ക്കരണ ക്ലബ്ബില്‍ അംഗത്വം നേടുന്നതോടെ ഈ നിരക്ക് 300 ദിര്‍ഹമായി കുറയും. മാത്രമല്ല ഈ കമ്പനികള്‍ മന്ത്രാലയത്തിലെ പ്ലാറ്റിനം വിഭാഗത്തിലേക്ക് മാറുകയും ചെയ്യും. ഇതോടെ വിസ അപേക്ഷകളുടെ നിരക്ക് കുത്തനെ കുറയും. സ്വദേശിവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്കുള്ള ക്ലബ്ബ് കഴിഞ്ഞ വര്‍ഷമാണു നിലവില്‍ വന്നത്. പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍ എന്നിങ്ങനെ മൂന്നായി കമ്പനികളെ വേര്‍തിരിച്ചാണ് വീസ ഇളവുകള്‍ നല്‍കുക.
ഓരോ സ്ഥാപനത്തിലുള്ള സ്വദേശി ജീവനക്കാരുടെ എണ്ണം നോക്കിയാണ് അംഗത്വം നല്‍കുന്നത്. കമ്പനികളിലുള്ള മൊത്തം തൊഴിലാളികളെയും അവരുടെ വിദ്യാഭ്യാസ യോഗ്യതയും സ്വദേശികളുടെ എണ്ണവും താരതമ്യം ചെയ്താണ് കമ്പനികള്‍ക്ക് മന്ത്രാലയം ഇളവുനല്‍കുക. കമ്പനികളുടെ തൊഴില്‍നിയമനം, പരിശീലനം, നടത്തിപ്പ്, തൊഴില്‍ സാഹചര്യം എന്നിവയ്‌ക്കെല്ലാം തോത് നിശ്ചയിച്ചിട്ടുണ്ട്.
ക്ലബ്ബില്‍ അംഗത്വം നേടിയ സ്ഥാപനങ്ങള്‍ യോഗം ചേരുകയും തൊഴില്‍ പരിചയങ്ങളും നേട്ടങ്ങളും പരസ്പരം പങ്കുവയ്ക്കുകയും ചെയ്യും. ഇതുവഴി സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി നിയമനം ത്വരിതപ്പെടുത്താന്‍ സാധിക്കുമെന്നതു നേട്ടമാണെന്നും മന്ത്രി വ്യക്തമാക്കി.