തിരുവനന്തപുരം: അഴിമതി അനുവദിക്കില്ലെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍കകാരിന്റെ നടപടികള്‍ക്കെതിരേ ചോദ്യമുയരുന്നു. അഴിമതിക്കേസുകളില്‍ പ്രതിസ്ഥാനത്തുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിചാരണയ്ക്ക് അനുമതിതേടിയുള്ള അപേക്ഷകളില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. ഇതോടെ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായ നൂറിലേറെ കേസുകളിലാണു വിചാരണ സ്തംഭിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍ മുതല്‍ പൊതുപ്രവേശന പരീക്ഷാ കമ്മിഷണര്‍ അടക്കമുള്ളവര്‍ വരെ ഈ പട്ടികയില്‍പ്പെടും. അന്വേഷണം പൂര്‍ത്തീകരിച്ച വിജിലന്‍സ് പ്രോസക്യൂഷന്‍ അനുമതിക്കായി നല്‍കിയിട്ടുള്ള അപേക്ഷകള്‍ വിവിധ വകുപ്പ് മേധാവിമാരുടെ ഓഫിസുകളില്‍ തീരുമാനമെടുക്കാതെ കിടക്കുകയാണ്. വിജിലന്‍സ് പട്ടികയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തദ്ദേശ സ്വയംഭരണ എന്‍ജീനീയര്‍മാര്‍ കെടിഡിഎഫ്‌സി അഴിമതിക്കേസിലെ പ്രതികള്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങി മിക്കവാറും എല്ലാ സര്‍ക്കാര്‍ വകുപ്പുകളില്‍പ്പെട്ടവരുമുണ്ട്. സഹകരണബാങ്ക് ഭരണസമിതി അംഗങ്ങളായിരുന്നവര്‍ക്കെതിരായ കേസുകള്‍ പോലും ഇത്തരത്തില്‍ തീര്‍പ്പാക്കാനാകാത്ത സ്ഥിതിയിലാണ്.
കുറ്റക്കാരെന്നു കണ്ടെത്തിയാലും കുറ്റപത്രം തയാറായാലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി വേണം. അഴിമതി നിരോധന നിയമം ഇക്കാര്യം അനുശാസിക്കുന്നു. അനുമതി അനന്തമായി വൈകുന്നതോടെ വിചാരണയും മുടങ്ങും. ഇത്തരത്തില്‍ നൂറോളം കേസുകളാണ് പ്രോസിക്യൂഷന്‍ അനുമതി കാത്ത് കിടക്കുന്നത്.
വിചാരണ വൈകിപ്പിക്കാന്‍ മനപ്പൂര്‍വം നിയമത്തിലെ ഈ പഴുത് ഉപയോഗിക്കുന്നതായാണ് ആക്ഷേപം ഉയരുന്നത്. വിചാരണ അനന്തമായി നീളുന്നതോടെ കേസ് തന്നെ അപ്രസക്തമായി ശിക്ഷനടപടികളില്‍നിന്നു തലയൂരുക എന്ന ഗൂഢോദ്ദേശ്യവും ഇതിന്റെ പിന്നിലുണ്ടെന്നാണ് കരുതുന്നത്.
KEY WORDS-
എല്‍ഡിഎഫ് സര്‍ക്കാര്‍, അഴിമതി, അഴിമതിക്കേസുകള്‍, വിജിലന്‍സ്, വിചാരണ