കെട്ടിടത്തില്‍ നിന്നും താഴെവീണയാളെ ആശുപത്രിയില്‍ എത്തിക്കാതെ നോക്കി നിന്നുവെന്ന വാര്‍ത്ത, നടുക്കം ഉളവാക്കുന്നു, മലയാളികളെ ഇരുത്തിചിന്തിപ്പിക്കണമെന്ന് മുഖ്യമന്ത്രി

കൊച്ചി: കൊച്ചിയില്‍ കെട്ടിടത്തില്‍ നിന്നും താഴെവീണയാളെ ആശുപത്രിയില്‍ എത്തിക്കാതെ ജനക്കൂട്ടം നോക്കി നിന്നുവെന്ന വാര്‍ത്ത നടുക്കം ഉളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 15 മിനുട്ടോളം ഒരാള്‍ രക്തം വാര്‍ന്ന് തിരക്കേറിയ റോഡരികില്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ കിടന്നുവെന്നത് മലയാളികളെ ഇരുത്തി ചിന്തിപ്പിക്കണം. ആ ജീവന്‍ രക്ഷിക്കന്‍ അഭിഭാഷകയായ രഞ്ജിനി നടത്തിയ ഇടപെടല്‍ മാതൃകാപരമാണെന്നും പിണറായി പറഞ്ഞു.

അപകടത്തില്‍ പെടുന്നവരെ ആശുപത്രിയിലെത്തിച്ചാല്‍ കേസും പൊലീസ് സ്റ്റേഷനുമായി കയറി ഇറങ്ങേണ്ടി വരുമോ എന്ന ഭയമാണ് പലര്‍ക്കും . എന്നാല്‍ അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് നിയമപരമായ പരിരക്ഷ ഉണ്ട്. മാത്രവുമല്ല അപകടത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യചികിത്സ ഉറപ്പു വരുത്തുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പില്‍ വരുത്തുകയാണ്. അപകടങ്ങളില്‍ നിഷ്‌ക്രിയരാകാതെ ഒരു ജീവനാണ് താന്‍ രക്ഷിക്കുന്നതെന്ന ഉയര്‍ന്ന മാനവിക ബോധം പ്രകടിപ്പിക്കാന്‍ എല്ലാ മലയാളികളോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular