കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ. മുഖ്യമന്ത്രി സ്വേച്ഛാധിപതിയെന്നാണ് സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലും തുടര്‍ന്ന് നടന്ന റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയിലും വിശേഷിപ്പിച്ചത്.. മുഖ്യമന്ത്രി സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നതിനു തെളിവാണ് മൂന്നാര്‍ വിഷയമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റവന്യൂ മന്ത്രിയോട് ആലോചിക്കാതെ സബ്കളക്ടറെ മാറ്റിയത് ഇതിനു തെളിവാണെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. നേരത്തെ, സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ചൈനാ പരാമര്‍ശത്തെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയെ തന്നെ സമ്മേളനം രൂക്ഷമായി വിമര്‍ശിച്ചത്. വര്‍ഗീയതയെ ചെറുക്കാന്‍ തങ്ങള്‍മാത്രം മതിയെന്ന ചിലരുടെ ചിന്ത വിടുവായത്തമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. വിദേശ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ അന്ധമായി പിന്തുണയ്ക്കുന്ന നിലപാട് സി.പി.ഐക്കില്ലെന്നും കാനം പറഞ്ഞു. കൊല്ലത്ത് സി.പി.ഐയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാനം. സി.പി.എം നേതാക്കളുടെ ചൈനാ അനുകൂല പ്രസംഗത്തിനുള്ള മറുപടി കൂടിയാണ് കാനത്തിന്റെ പ്രസംഗം. ചൈന സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നുവെന്നത് അംഗീകരിക്കുന്നു. അവിടത്തെ കമ്യൂണിസ്റ്റ്പാര്‍ട്ടിയെ പോലെ ഇവിടത്തെ കമ്യൂണിസ്റ്റുകാര്‍ മാറണമെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കാനം കൊല്ലത്ത് പറഞ്ഞു. ആദ്യം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനുമായിരുന്നു ചൈനയെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വന്നത്.