ദുബായ്: ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ മോതിരം ഷാര്‍ജയില്‍. ഏതാണ്ട് 11 മില്യണ്‍ ദിര്‍ഹം (19,07,55,000 രൂപ) വില വരുന്ന മോതിരം സഹാറ സെന്ററിലാണ് പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. 21 കാരറ്റ് സ്വര്‍ണത്തില്‍ പണിത മോതിരത്തിന് നജ്മത് തോബ (തയിബയുടെ നക്ഷത്രം) എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ഭീമന്‍ മോതിരത്തിന് 64 കിലോ ഗ്രാം ആണ് ഭാരം. പതിപ്പിച്ചിരിക്കുന്ന പ്രത്യേകതരം കല്ലുകള്‍ക്കും രത്‌നങ്ങള്‍ക്കും വജ്രത്തിനും മാത്രം അഞ്ചു കിലോയില്‍ അധികം ഭാരമുണ്ട്. 55 ജോലിക്കാര്‍ 45 ദിവസം കൊണ്ട് 450ലേറെ മണിക്കൂര്‍ അധ്വാനിച്ചാണ് അപൂര്‍വ മോതിരം നിര്‍മിച്ചത്. ദുബായ് ആസ്ഥാനമായ ടായിബ കമ്പനിയാണ് മോതിരത്തിന്റെ ഉടമസ്ഥര്‍. ഒരു മാസം മോതിരം ഇവിടെ പ്രദര്‍ശിപ്പിക്കും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണമോതിരം ഇതാണെന്ന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡും വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു മോതിരം 2000ല്‍ നിര്‍മിക്കുമ്പോള്‍ ചെലവായത് ഏതാണ്ട് 547,000 ഡോളര്‍ ആയിരുന്നു. എന്നാല്‍ സ്വര്‍ണത്തിന്റെ വില വര്‍ധനവും മറ്റുമായി മോതിരത്തിന്റെ മൂല്യം മൂന്ന് മില്യണ്‍ ഡോളറില്‍ എത്തി. ഷാര്‍ജയില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനം കാണാന്‍ നിരവധി ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.