തിരുവനന്തപുരം: മകനെതിരായ ആരോപണത്തില്‍ മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്റെ മൂത്തമകനെതിരെ യാതൊരുവിധ പരാതിയുമില്ലെന്നും മകനു തെറ്റുപറ്റിയിട്ടില്ലെന്നും ഏതെങ്കിലും നിയമനടപടികളുണ്ടായിട്ടുണ്ടെങ്കില്‍ അതിനോട് സഹകരിച്ച് നിയമപരമായി മുന്നോട്ടു പോകുമെന്നും കോടിയേരി പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ മകന്‍ ബിനോയ് കോടിയേരി മറുപടി പറയുമെന്നും അദേഹം പറഞ്ഞു.
എ.കെ.ജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം. മകനു വീഴ്ച പറ്റിയിട്ടില്ലെന്നു പറഞ്ഞ സംസ്ഥാന സെക്രട്ടറി ഇതിനെ പാര്‍ട്ടിയ്ക്കെതിരായ ഗുഢാലോചനയായി കാണുന്നില്ലെന്നും പറഞ്ഞു. വിഷയത്തില്‍ ബിനോയ് തന്നെ വിശദീകരണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ കോടിയേരിയുടെ മകനെതിരെ ഉയര്‍ന്ന പരാതി ഒതുക്കി തീര്‍ക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട ശ്രമം തുടങ്ങി. ദുബൈയിലെ ജാസ് ടൂറിസം പ്രതിനിധി രാഹുല്‍ കൃഷ്ണ തിരുവനന്തപുരത്തെത്തി. ബിനോയ് കോടിയേരിക്കെതിരെയുള്ള പരാതി പിന്‍വലിപ്പിക്കാന്‍ ഇദേഹവുമായി സിപിഎം പ്രതിനിധികള്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ ചര്‍ച്ച നടത്തിയിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരിയും തമ്മില്‍ എകെജി സെന്ററില്‍ കൂടിക്കാഴ്ച നടത്തി. മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതോടെനിയമസഭയില്‍ നിന്ന് പിണറായി നേരിട്ട് എകെജി സെന്ററില്‍ എത്തുകയായിരുന്നു.
ദുബായ് ആസ്ഥാനമായുള്ള കമ്പനിയില്‍ നിന്ന് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പണം തട്ടിയെന്ന പരാതിയായിരുന്നു പുറത്തു വന്നത്. വാര്‍ത്തകള്‍ക്ക് പിന്നാലെ കമ്പനി പൊളിറ്റ്ബ്യൂറോയ്ക്ക നല്‍കിയ പരാതിയുടെ പകര്‍പ്പും പുറത്തു വന്നിരുന്നു.
പ്രതിയെ ദുബായ് കോടതിയില്‍ ഹാജരാക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ നീക്കം നടക്കുകയാണെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മകന്റെ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നേതാവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും പണം തിരിച്ച് നല്‍കാമെന്ന് നേതാവ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നുമാണ് ആരോപണങ്ങള്‍. പണം തിരികെ നല്‍കിയില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് കമ്പനിയുടെ തീരുമാനം.
ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 53.61 ലക്ഷം ഈടുവായ്പയും ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 7.7 കോടി രൂപയും നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടില്‍ നിന്നു നല്‍കിയെന്നാണ് ദുബായ് കമ്പനിയുടെ പറയുന്നത്.
ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുെങ്കിലും കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആ സമയത്ത അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമേ 36.06 ലക്ഷമായിരുന്നെന്നും ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്കെന്നും റിപ്പോര്‍ട്ട് പറയുന്നു.
തിരിച്ചടവിനത്തില്‍ കഴിഞ്ഞ മേയ് 16 നു നല്‍കിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേതാവിന്റെ മകന്‍ ഒരു വര്‍ഷത്തിലേറെയായി ദുബായില്‍നിന്നു വിട്ടുനില്‍ക്കുന്നതായാണ് വാര്‍ത്തകള്‍.